×

ചേരാനല്ലൂർ വാഹനാപകടം; ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ചേരാനല്ലൂർ വാഹനാപകട കേസിൽ പരസ്പരം രക്ഷപ്പെടുത്തുന്ന തരത്തിലുള്ള മൊഴികളാണ് ജഡ്ജിയും 17കാരനായ മകനും അന്വേഷണസംഘത്തിന് നൽകിയതെന്നാണ് വിവരം. മകന് ഡ്രൈവിങ് അറിയാമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ജഡ്ജിയുടെ മൊഴി. അതേസമയം, യൂട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നും മാതാപിതാക്കൾ അറിയാതെയാണ് കാർ എടുത്തുകൊണ്ടുപോയതെന്നുമാണ് മകൻ അന്വേഷണസംഘത്തോട് പറഞ്ഞത്. ഇരുവരുടെയും മൊഴികൾ അന്വേഷണസംഘം പൂർണമായി വിശ്വസിച്ചിട്ടില്ലെന്നാണ് സൂചന.

മകൻ എങ്ങനെയാണ് ഡ്രൈവിങ് പഠിച്ചതെന്നോ രാത്രിയിൽ കാറുമായി പുറത്തുപോകുന്ന കാര്യമോ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ജഡ്ജി മൊഴി നൽകിയിരിക്കുന്നത്. രണ്ടുതവണ മാത്രമാണ് കാറുമായി പോയതെന്നും രണ്ട് തവണയും അച്ഛനും അമ്മയും അറിയാതെയാണ് വാഹനം എടുത്തതെന്നുമാണ് മകന്റെ വിശദീകരണം. യൂട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്ന മൊഴിയിൽ 17കാരൻ ഉറച്ചുനിൽക്കുകയാണ്.

കേസിൽ ജഡ്ജിയുടെ വീട്ടിലെ സുരക്ഷാ ജീവനക്കാരൻ നൽകിയ മൊഴിയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കാർ ഓടിച്ചിരുന്നത് ആരാണെന്ന് ശ്രദ്ധിക്കാറില്ലെന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി. ജഡ്ജിയുടെ മൊഴിയും ലഭ്യമായ തെളിവുകളും മറ്റു മൊഴികളും വിലയിരുത്തിയാകും അന്വേഷണസംഘത്തിന്റെ തുടർനടപടികൾ.

ജഡ്ജിയെ ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം, ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വീട്ടിൽനിന്ന് പൊലീസ് പിടിച്ചെടുത്ത ബൈക്കും കേസന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top