×

വിജയ് സർക്കാറിന് വൻ തിരിച്ചടി, കേരളത്തിന് ആശ്വാസം; പാറ, മണൽ കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

സാധുവായ ലൈസൻസോടെ നിയമപരമായി ഖനനം ചെയ്ത ധാതുക്കളുടെ നീക്കം തടയാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ഭരണഘടനാവിരുദ്ധമാണെന്നും കോടതി വിധിച്ചു.

കല്ലുകൾ, മെറ്റൽ ജെല്ലി (കരിങ്കൽ ചല്ലി) തുടങ്ങിയ ചില ധാതുക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. 2026 ജൂലൈ 9-ന് കൊണ്ടുവന്ന ‘തമിഴ്നാട് അനധികൃത ഖനനം, ധാതുക്കളുടെ കടത്തൽ, സംഭരണം എന്നിവ തടയൽ ചട്ടങ്ങൾ, 2011’-ലെ ഭേദഗതികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ഈ ഭേദഗതി പ്രകാരം, കല്ല്, എം-സാൻഡ്, മെറ്റൽ ജെല്ലി, മറ്റ് നിർമാണ സാമഗ്രികൾ എന്നിവ തമിഴ്നാടിന് പുറത്തേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിക്കാൻ ജിയോളജി ആൻഡ് മൈനിംഗ് ഡയറക്ടർക്ക് അധികാരം ലഭിച്ചു. ഇതേ തുടർന്ന് പുതുച്ചേരിയും കാരയ്ക്കലും ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇവ കൊണ്ടുപോകുന്നതിന് സർക്കാർ മൂന്ന് മാസത്തെ താൽക്കാലിക വിലക്കും ഏർപ്പെടുത്തി.

സാധുവായ ലൈസൻസുകളോടെ ഖനനം ചെയ്ത ധാതുക്കളുടെ ഉടമസ്ഥാവകാശം ബന്ധപ്പെട്ടവർക്കാണെന്നും അവ എവിടെ വിൽക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉടമകൾക്കുണ്ടെന്നും വാദിച്ചുകൊണ്ട് നിർമ്മാണ മേഖലയിലുള്ളവർ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തു. കൂടാതെ, ഈ ഭേദഗതികൾക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണെന്നും അവർ വാദിച്ചു.

ഖനിജ വിഭവങ്ങൾ അയൽ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തുന്നത് തടയുന്നതിനും, തമിഴ്നാടിനുള്ളിൽ അടിസ്ഥാന സൗകര്യ വികസന, നഗര വികസന പദ്ധതികൾക്ക് ആവശ്യമായ നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു. നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാരിന് അധികാരമുണ്ടെന്നും വ്യക്തമാക്കി.

സാധുവായ ലൈസൻസുകളോടെ ഖനനം ചെയ്യുന്ന ധാതുക്കളുടെ കാര്യത്തിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ധർമ്മാധികാരിയും ജസ്റ്റിസ് ജി അരുൾ മുരുകനും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ബന്ധപ്പെട്ട നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച ശേഷമാണ് ഖനന ലൈസൻസുകൾ നൽകിയതെന്നും അതിന് വിരുദ്ധമായി പിന്നീട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. താൽക്കാലിക നിരോധനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി, ‘റൂൾ 3എ’ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top