പരാതികളിൽ വേഗത്തിൽ നടപടി; കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം
ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളിൽ തുടർനടപടികൾ വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം. ‘എച്ച് എം ആക്ട്സ്’ (HM Acts) എന്ന പേരിൽ ആരംഭിക്കുന്ന പെറ്റിഷൻ മാനേജ്മെന്റ് സംവിധാനത്തിലൂടെ പരാതികൾ ഓൺലൈനായി രേഖപ്പെടുത്താനും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറാനും കഴിയും. പരാതികളിൽ സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കുന്നതിനൊപ്പം പുരോഗതി പരാതിക്കാരനെ അറിയിക്കാനും സംവിധാനമുണ്ടാകും.
അടിയന്തര നടപടി ആവശ്യമായ പരാതികളിൽ മന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് നിർദേശങ്ങൾ രേഖപ്പെടുത്താനും കഴിയും. സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ വിവരങ്ങളും അടിയന്തര ശ്രദ്ധ വേണ്ട സംഭവങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും തത്സമയം ലഭ്യമാക്കാൻ ‘ഹോംസ്’ (HOMeS) എന്ന മറ്റൊരു സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഡാഷ്ബോർഡും സജ്ജമാക്കി.
കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുമ്പോഴും അന്വേഷണ നടപടികളിൽ ഇടപെടാത്ത രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കും. കേരള പൊലീസിന്റെ ഡിജിറ്റൽ വിഭാഗമായ ഐ-കോപ്പ്സാണ് (iCoPS) രണ്ട് പദ്ധതികൾക്കുമുള്ള സോഫ്റ്റ്വെയർ തയ്യാറാക്കിയത്. പദ്ധതികൾ നടപ്പാക്കാൻ അധിക സാമ്പത്തിക ചെലവുണ്ടായിട്ടില്ലെന്നും പൊലീസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
പൊലീസ് സംവിധാനം കൂടുതൽ ജനസൗഹൃദമാക്കുന്നതിനും ഉദ്യോഗസ്ഥരുടെ ജോലിഭാരവും സമ്മർദവും കുറയ്ക്കുന്നതിനുമുള്ള നടപടികൾ സർക്കാർ പരിഗണിക്കുന്നുണ്ട്. ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 5,000 പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതായും മന്ത്രി പറഞ്ഞു. പൊലീസിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വനിതാ പൊലീസുകാരുടെ അനുപാതം 1:9ൽ നിന്ന് 3:7 ആയി ഉയർത്തിയതോടെ സംസ്ഥാന പൊലീസിൽ വനിതകളുടെ സാന്നിധ്യം 30 ശതമാനമായി ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍















വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്