ഭാരത് ബന്ദ്: ഹരിദ്വാറില്‍ 144 പ്രഖ്യാപിച്ചു
ഡെറാഡൂണ്‍: ഭരത് ബന്ദിൽ അക്രമം വ്യാപകമായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 144 പ്രഖ്യാപിച്ചു. തിങ്കളാഴ്ച പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ ചെറുക്കാനുള്ള നിയമം ദുരുപയോഗം ചെയ്യുന്നെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി നല്കിയ ഉത്തരവിനെതിരെ ദളിത് സംഘടനകൾ നടത്തിയ ബന്ദിലാണ് അക്രമമുണ്ടായത്.
ഉത്തരാഖണ്ഡിന് പുറമെ ഉത്തർപ്രദേശിലും മധ്യപ്രദേശിലും പ്രക്ഷോഭകാരികൾ പൊലീസുമായി നടത്തിയ ഏറ്റമുട്ടലിൽ ഒൻപതു പേർ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ആൽവാറിൽ ഒരാളും ഉത്തർപ്രദേശിലെ മുസഫർ നഗറിലും മീററ്റിലും ഓരോരുത്തരും മരിച്ചു . ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്.
വെടിവെപ്പിനിടെ പൊലീസുകാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഗ്വാളിയറില്‍ പ്രതിഷേധ പ്രകടനത്തിനിടെ കൈത്തോക്കുപയോഗിച്ച് അക്രമി വെടിവയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതു പുറത്തുവിട്ടത്.
മാര്‍ച്ച് 20 നാണ് പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിവാദമായ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി/വര്‍ഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയത്. വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തില്‍തന്നെ നിലനില്ക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളില്‍ ഉടന്‍ അറസ്റ്റ് നിബന്ധന ബാധകമല്ല. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുത്. ഉടന്‍ അറസ്റ്റെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഒട്ടേറെ നിരപരാധികളെ കുടുക്കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വിധിക്കെതിരെ ദലിതരും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. നിയമത്തില്‍ ഇളവ് വരുത്തുന്നത് പിന്നാക്ക വിഭാഗത്തിന് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നായിരുന്നു ആരോപണം.ഈ നിയമത്തില്‍ ഇളവനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന് സമര്‍പ്പിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്ന സാഹചര്യത്തില്‍ ദളിത് സംഘടനകളും ബിജെപിയിലെ ദളിത് എംപിമാരും ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു.
ദലിത് സംഘടനകളുടെ ദേശീയ ബന്ദിനെ അഭിവാദ്യം ചെയ്ത രാഹുല്‍ ഗാന്ധി രാജ്യത്തെ ദലിതര്‍ അനുഭവിക്കുന്ന അവസ്ഥയ്ക്ക് കാരണം ബിജെപിയും ആര്‍എസ്എസുമാണെന്നും പറഞ്ഞു.
‘ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരായി കണക്കാക്കുന്നത് ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഡിഎന്‍എയിലുള്ളതാണ്. ഈ ചിന്താഗതിയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ആക്രമണം കൊണ്ടാണ് നേരിടുന്നത്. ഇന്ന് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് നമ്മുടെ ദലിത് സഹോദരിസഹോദരന്മാര്‍ മോദി സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. അവര്‍ക്കെന്റെ സല്യൂട്ട്,’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്