അഞ്ച് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; – നാളെയും മറ്റന്നാളും താപനില നാല് ഡിഗ്രിവരെ ഉയരാം; ജനങ്ങള്‍ ജാഗ്രത
കൊച്ചി: സംസ്ഥാനത്ത് സുര്യാതപ മുന്നറിയിപ്പ് തുടരുന്നു. നാളെയും മറ്റന്നാളും അഞ്ച് ജില്ലകളില്‍ താപനില നാല് ഡിഗ്രിവരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാം. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 118 പേര്‍ക്ക് സൂര്യാഘാതമേറ്റതായാണ് കണക്ക്. ഈയാഴ്ചയില്‍ മാത്രം 57 പേര്‍ക്ക് സൂര്യാഘാതമേറ്റതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ടു പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാറശാലയില്‍ മധ്യവയസ്കനും കണ്ണൂര്‍ വെള്ളോറയില്‍ വയോധികനുമാണ് കുഴഞ്ഞുവീണ് മരിച്ചത്. പാറശാലയില്‍ കരുണാകരന് എന്നയാള്‍ വയലില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. വെള്ളോറയില്‍ കാടന്‍വീട്ടില്‍ നാരായണന് (67) എന്നയാളാണ് മരിച്ചത്. ഇയാളുടെയും മൃതദേഹത്തിലും പൊള്ളലേറ്റ പാടുകളുണ്ട്.
അതേസമയം, ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ. ഇതിനിടെ കൊല്ലം പുനലൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എസ്പി നേതാവിനും സൂര്യാഘാതമേറ്റു. പുനലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാനാണ് പൊള്ളലേറ്റത്. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍ഗോട്ട് മൂന്നു വയസുകാരിക്കും പൊള്ളലേറ്റു. കുമ്ബള സ്വദേശി മര്‍വയ്ക്കാണ് സൂര്യാഘാതമേറ്റത്.
അന്തരീക്ഷ താപനില വര്‍ധിച്ച തോതില്‍ അനുഭവപ്പെടുന്നതിനാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെയില് നേരിട്ടേല്‍ക്കുന്ന വിധത്തില്‍ ജോലി ചെയ്യുന്നവര്‍ക്കു സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത ഏറെയാണ്. രാവിലെ 11 മണി മുതല്‍ 3മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്