മൂന്നാറിലെ മണ്ണിടിച്ചില്‍: 11 മരണം, 55പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി.12പേരെ രക്ഷപ്പെടുത്തി. 55പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ രാജമല മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് പെട്ടിമുടി തോട്ടംമേഖലയില്‍ മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. രണ്ട് ലയങ്ങള്‍ പൂര്‍ണമായി ഒലിച്ചുപോയെന്നാണ് വിവരം. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഏറെ വൈകിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായത്. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സംഘവും മെഡിക്കല്‍ ടീമും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ദുരന്തം നടന്ന സ്ഥലം. ഇവിടെ എത്തിച്ചേരാനുളള പെരിയവര പാലം കഴിഞ്ഞ വെളളപ്പൊക്കത്തില്‍ തകര്‍ന്നിരുന്നു. പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. ഇവിടെ സ്ഥാപിച്ച താല്‍ക്കാലികപാലവും വെളളപ്പാച്ചിലില്‍ ഒലിച്ചുപാേയി. ഇതായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനുളള പ്രധാന പ്രതിബന്ധം. പെരിയവര പാലത്തിന് നടുവില്‍ ജെ സി ബി ഉപയോഗിച്ച് മണ്ണിട്ട് താല്‍ക്കാലികമായി അപ്രോച്ച് റോഡ് നിര്‍മിച്ചാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും ഇതുവഴിയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്