കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണം: മുഖ്യമന്ത്രി ഇന്ന് നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. കീഴാറ്റൂരില്‍ ബദല്‍ മാര്‍ഗമായ മേല്‍പ്പാല ഹൈവേ നിര്‍മാണത്തിന്റെ സാധ്യത ആരായും. കൂടാതെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
വയല്‍ നികത്തിയുള്ള ഹൈവേ നിര്‍മാണത്തിനെതിരെ ജനങ്ങള്‍ സമരം ശക്തമാക്കിയതോടെയാണ് മേല്‍പ്പാല ഹൈവേ നിര്‍മാണത്തിന്റെ സാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്. മേല്‍പ്പാല ഹൈവേ നിര്‍മാണത്തിന്റെ സാധ്യതകള്‍ തേടി കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിതിന്‍ ഗഡ്കരിക്കും ദേശീയ പാതാ അതോറിറ്റി ചെയര്‍മാനും കത്ത് നല്‍കിയിരുന്നു.
കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്. വയല്‍ക്കിളികളുടെ ബഹുജന മാര്‍ച്ചിന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചത്. രാഷ്ട്രീയ, സമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസും വയല്‍ക്കിളികള്‍ക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.
കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ബിജെപയും ഏപ്രില്‍ മൂന്നിന് ആയിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തി കീഴാറ്റൂല്‍ നിന്നും കണ്ണൂരിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ ശ്രമം അവസാനിപ്പിക്കണം എന്നതാണ് ബിജെപിയുടെയും പ്രധാന ആവശ്യം. സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും ബദല്‍ റോഡിനെക്കുറിച്ച് ചര്‍ച്ച നടത്തണം എന്നും ബിജെപി ആവശ്യപ്പെടുന്നു. കീഴാറ്റൂര്‍ വയലിലൂടെ മാത്രമേ റോഡ് സാധ്യമാകൂ എന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ബിജെപി അറിയിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്