×

കാര്യങ്ങള്‍ താന്‍ വിലയിരുത്തുന്നുണ്ട്, വലിയ ഡാമുകള്‍ തുറക്കേണ്ട അവസ്ഥയില്ലെ – മന്ത്രി എം.എം മണി

ഇടുക്കി: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറ‌ഞ്ഞു. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നതെന്നും ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. വലിയ ഡാമുകളില്‍ ഇനിയും സംഭരണശേഷിയുണ്ട്. ഇടുക്കിയിലെ കാര്യങ്ങള്‍ താന്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഇടുക്കിയില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എം.എം മണി പറഞ്ഞു. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച്‌ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണ്. കക്കയം ഡാമിന്റെ ഷട്ടര്‍ മൂന്നടിയായി ഉയര്‍ത്തി. നേരത്തെ 45 സെന്റിമീറ്റര്‍ ആണ് തുറന്നിട്ടിട്ടുണ്ടായിരുന്നത്. വലിയ അളവില്‍ വെള്ളം വരാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂഴിയാര്‍ ഡാം ഇന്ന് തുറക്കും. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

ഇതുവരെ 23,000 പേര്‍ ക്യാംപുകളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ മാത്രം 10000 പേരാണ് ക്യാംപിലുള്ളത്. പത്തനംതിട്ടയിലെ മണിയാര്‍, ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര, കല്ലാര്‍, ഇരട്ടയാര്‍, എറണാകുളത്ത് മലങ്കര, ഭൂതത്താന്‍ കെട്ട്, തൃശൂര്‍ ജില്ലയില്‍ പെരിങ്ങല്‍ക്കുത്ത്, പാലക്കാട് മംഗലം, കാഞ്ഞിരംപുഴ, കോഴിക്കോട് കക്കയം എന്നീ ഡാമുകള്‍ ഇന്നലെ തുറന്നിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top