ലോയയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര മന്ത്രിയുമായി ബന്ധമുള്ള ഒരു ഡോക്ടര്‍ ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന് റിപ്പോർട്ട്
ലോയയുടെ മരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോയയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജിലെ ഡോ.എന്‍.കെ.തുമ്രന്‍ ആണെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. എന്നാല്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ അംഗമായ മകരന്ദ് വ്യാവാഹാരെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് കാരവന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങാടിവാറിന്റെ ബന്ധുവാണ് ഡോ.മകരന്ദ്. ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാരിലെ രണ്ടാമനാമ് മന്ത്രി സുധീര്‍.
2014 ഡിസംബര്‍ 1നായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഈ സമയത്ത് വിവിധ ജീവനക്കാര്‍ അവിടെയുണ്ടായിരുന്നു. ഡോ.മകരന്ദ് ആയിരുന്നു പോസ്റ്റുമോര്‍ട്ടം പരിശോധനക്ക് നേതൃത്വം വഹിച്ചത്. ലോയയുടെ തലയിലും പുറകിലുമുള്ള മുറിവ് സംബന്ധിച്ച് പരിശോധനയില്‍ പാകപിഴകള്‍ കണ്ടത് ചോദ്യം ചെയ്ത ജൂനിയര്‍ ഡോക്ടറോട് ഡോ.മകരന്ദ് ആക്രോശിക്കുകയും ചെയ്തു. ലോയയുടെ തലയിലെ മുറിവ് സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. എന്നാല്‍ ലോയയുടെ തലയുടെ പുറകില്‍ വലതുവശത്തായി മുറിവുണ്ടായിരുന്നതായി മെഡിക്കല്‍ കോളെജിലെ മറ്റ് ജീവനക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കല്ല് കൊണ്ട് തലയ്ക്കടിച്ച പോലെയും ശരീരത്തില്‍ വിള്ളലുണ്ടായിരുന്നതായും അവര്‍ പറയുന്നു. കാഴ്ചയില്‍ വലുതല്ലെങ്കിലും രക്തം കട്ട പിടിക്കാന്‍ വേണ്ടത്ര ആഴത്തിലുള്ള മുറിവായിരുന്നു അത്. ലോയയുടെ തല മറച്ചിരുന്ന തുണി രക്തത്തില്‍ കുതിര്‍ന്നിരുന്നു.
ലോയയുടെ തലയില്‍ മുറിവുണ്ടായിരുന്നതായും ഷര്‍ട്ടിലും ശരീരത്തിലും രക്തമുണ്ടായിരുന്നതായും ലോയയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നതാണ്.
അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ഡോ.തുമ്രാന്‍ പറഞ്ഞത്. ഡോ.മകരന്ദും പ്രതികരിക്കാന്‍ തയ്യാറായില്ല.
പോസ്റ്റുമോര്‍ട്ടം നടന്ന മെഡിക്കല്‍ കോളെജിലെ നിരവധി ജീവനക്കാര്‍ ഡോ.മകരന്ദ് പോസ്റ്റുമോര്‍ട്ടത്തില്‍ കൃത്രിമത്വം കാണിച്ചതിന് സാക്ഷികളാണെന്നാണ് ദി കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രിയുമായുള്ള ബന്ധം തന്റെ കരിയറില്‍ മുഴുവന്‍ ഡോ.മകരന്ദ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.
2015 നവംബര്‍ 17ന് മെഡിക്കല്‍ കോളെജില്‍ ഒരു പിജി വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഡോ.മകരന്ദിന്റെ നിരന്തര പീഡനം സഹിക്ക വയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഡോ.നിതിന്‍ ശാര്‍നാഗത് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്