×

മനുഷ്യാവകാശദിനാചരണവും സെമിനാറും ഡിസംബര്‍ 8 ന് കൊച്ചിയില്‍

കൊച്ചി ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റേയും ചാവറ കള്‍ച്ചര്‍സെന്ററിന്റേയും സംയുക്താഭ്യമുഖ്യത്തില്‍ മനുഷ്യാവകാശദിനാചരണവും സെമിനാറും ഡിസംബര്‍ 8 ന് കൊച്ചിയില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ലോകമെമ്പാടും തുല്യ നീതിയും സമാധാനവും ലക്ഷ്യം വയ്ക്കുന്ന അന്താരാഷ്ട്ര മനുഷ്യാവാകാശ പ്രഖ്യാപനത്തിന്റെ 71 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകം മുഴുവനും എല്ലാ വര്‍ഷവും ഡിസംബര്‍ 10 ന് മനുഷ്യാവകാശദിനമായി അചരിക്കുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ഈ വര്‍ഷം ഡിസംബര്‍ 8 ഞായറാഴ്ച കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് ഉച്ചകഴിഞ്ഞ് 2.00 മുതല്‍ മനുഷ്യാവകാശ ദിനാചരണവും സെമിനാറും സംഘടിപ്പിക്കും.
ദിനാചരണത്തിന്റെ ഉദ്ഘാടനം കേരളാ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍വ്വഹിക്കും. എച്ച്. ആര്‍. എഫ്. സ്ഥാപക ചെയര്‍മാന്‍ ഡോ. പി. സി. അച്ചന്‍കുഞ്ഞ് അധ്യക്ഷത വഹിക്കും. മുന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാനും, കേരളാ സംസ്ഥാന ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യാപ്രഭാഷണവും, എച്ച്. ആര്‍. എഫ്. മുഖ്യ രക്ഷാധികാരി ജസ്റ്റീസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ ആമുഖപ്രഭാഷണവും, കേരളാ സംസ്ഥാന കമ്മിറ്റിയുടെ 2020 ലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എച്ച്. ആര്‍. എഫ്. രക്ഷാധികാരി ജസ്റ്റിസ് കെ. പി. ബാലചന്ദ്രനും, സംസ്ഥാന സ്റ്റുഡന്‍സ് ഹ്യൂമണ്‍ റൈറ്റ്‌സ് ക്ലബ് ഉദ്ഘാടനം ജസ്റ്റിസ് നാരായണ കുറുപ്പും നിര്‍വ്വഹിക്കും.
തുടര്‍ന്ന് വിശിഷ്ട വ്യക്തിത്വത്തിന് ഉടമയും സ്വന്തം സമ്പത്തുകൊണ്ട് അശരണരായ അനേകര്‍ക്ക് ആശ്രയവുമായ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ബോബി ചെമ്മണ്ണൂരിന് ഹ്യൂമണ്‍ റൈറ്റ്‌സ് 2019 അവാര്‍ഡ് നല്‍കി ആദരിക്കും. കൂടാതെ സാമൂഹ്യസേവനരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ളവരേയും മനുഷ്യാവാകാശ പ്രവര്‍ത്തകരേയും ആദരിക്കുന്നു.
എച്ച്. ആര്‍. എഫ്. നാഷണല്‍ സെക്രട്ടറി കെ. യു ഇബ്രാഹിം മനുഷ്യാവാകാശ പ്രതിജ്ഞ ചൊല്ലികൊടുക്കും. വൈസ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, യു. എന്‍. പീസ് കമ്മീഷന്‍ മെമ്പര്‍ ഫാ. റോബി കണ്ണംചിറ സി. എം. ഐ., എച്ച്. ആര്‍. എഫ്. സംസ്ഥാന വനിതാ സെല്‍ പ്രസിഡന്റ് മറിയമ്മ എ. കെ., ആലപ്പി അഷറഫ്, എച്ച്. ആര്‍. എഫ്. എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. ആന്റണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. എച്ച്. ആര്‍. എഫ്. സംസ്ഥാന കണ്‍വീനര്‍ ജോര്‍ജ്ജ് ജോസഫ് സ്വാഗതവും, സ്റ്റേറ്റ് ഓര്‍ഗ്ഗനൈസര്‍ ആര്‍ രഘുത്തമന്‍ നായര്‍ നന്ദിയും പ്രകാശിപ്പിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top