×

കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ധി ഡി. വിജയകുമാറിന്.

പാലായിലെ മാണിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് നിര്‍ണായമായ തീരുമാനം പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി പ്രഖ്യാപിച്ചത്. എം.എല്‍.എമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവരും എം.പിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ തോമസ് ജോസഫ് , പി.ടി. ജോസ് എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മാണി തീരുമാനം പ്രഖ്യാപിച്ചത്.

മാണി എല്‍ഡിഎഫില്‍ പോയാലും ജോസഫും കൂട്ടരും നേരത്തെ തന്നെ യുഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് സൂചന നല്‍കിയിരുന്നു. കഴിഞ്ഞ ദിവസവും പാര്‍ട്ടി എല്‍ഡിഎഫിലേക്ക് പോയാല്‍ പാര്‍ട്ടി പിളരുമെന്നും ജോസഫ് വിഭാഗം അറിയിച്ചിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് ഇപ്പോള്‍ മാണി യുഡിഎഫിന് പിന്തുണ നല്‍കിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്നിവര്‍ ഇന്നലെ മാണിയുടെ വസതിയിലെത്തി യു.ഡി.എഫിലേക്കു തിരിച്ചുവിളിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഉന്നതാധികാര സമിതി യോഗം വിളിച്ച് ചേര്‍ത്തത്. കെ.എം. മാണി ഇന്നലെ രാത്രിയില്‍ ജോസ് കെ. മാണി എം.പിയുമായും ഏറ്റവുമടുത്ത നേതാക്കളുമായും നടത്തിയ ചര്‍ച്ചയില്‍ യു.ഡി.എഫിലേക്കുള്ള മടങ്ങാന്‍ എദേശ ധാരണ ആയിരുന്നു.

കെ.എം. മാണി യു.ഡി.എഫിലേക്കു തിരിച്ചുവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ചെങ്ങന്നൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കു കേരളാ കോണ്‍ഗ്രസി(എം)ന്റെ പിന്തുണ ആവശ്യപ്പെട്ടെന്നും ഒന്നേകാല്‍ മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. യു.ഡി.എഫ്. നേതൃനിരയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച മാണിയുടെ മടക്കം എല്ലാവരുടെയും ആഗ്രഹമാണെന്ന് ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിയിരുന്നു.

കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിന്റെ അനിവാര്യഘടകമാണെന്നു ഹസനും യു.ഡി.എഫിനൊപ്പം കേരളാ കോണ്‍ഗ്രസ് എന്നുമുണ്ടാകണമെന്നു കുഞ്ഞാലിക്കുട്ടിയും മാണിയോടു പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെയും കെ.എം. മാണിയെയും സി.പി.ഐ. നേതാക്കളും വി.എസ്. അച്യുതാനന്ദനും പരസ്യമായി അപമാനിച്ചിട്ടും സി.പി.എം. നേതൃത്വം മൗനംപാലിച്ചതില്‍ കേരളാ കോണ്‍ഗ്രസിലുള്ള കടുത്ത അസംതൃപ്തിയാണു യു.ഡി.എഫ്. നേതാക്കള്‍ ചര്‍ച്ചയില്‍ ആയുധമാക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top