×

കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടേറിയേറ്റില്‍

സിപിഐ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും എസ്.സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തു. കാനം രാജേന്ദ്രനേയും ബിനോയ് വിശ്വത്തിനേയും കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുത്തു. 31 അംഗ നിര്‍വാഹക സമിതിയില്‍ എട്ടു പേര്‍ പുതുമുഖങ്ങളാണ്.

11 അംഗ സെക്രട്ടേറിയറ്റില്‍ നാലു പുതുമുഖങ്ങളുണ്ട്.മുന്‍ പാര്‍ട്ടി സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായും തെരഞ്ഞെടുത്തു. ഗുരുാദാസ് ദാസ് ഗുപ്ത ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചെങ്കിലും ആ സ്ഥാനത്തേക്ക് പുതുതായി ആരേയും തെരഞ്ഞെടുത്തിട്ടില്ല.

വിദ്യാര്‍ഥി നേതാവും ജെ.എന്‍.യു മുന്‍ യൂണിയന്‍ ചെയര്‍മാനുമായ കനയ്യകുമാറിനെ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. 125 അംഗ ദേശീയ കൗണ്‍സിലില്‍ നിരവധി പുതുമുഖങ്ങളുണ്ട്. അഞ്ച് പുതുമുഖങ്ങളടക്കം കേരളത്തില്‍നിന്ന് 15 അംഗങ്ങളെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ദേശീയ കൗണ്‍സിലില്‍നിന്നു സി. ദിവാകരനെ ഒഴിവാക്കി.

മൂന്നു ടേം പൂര്‍ത്തിയാക്കിയ ദിവാകരനെ ഒഴിവാക്കാന്‍ നേരത്തെതന്നെ നീക്കമുണ്ടായിരുന്നു. സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കി. കേരളത്തില്‍നിന്ന് അഞ്ച് പുതുമുഖങ്ങള്‍ ദേശീയ കൗണ്‍സിലിലെത്തി. കെ.പി. രാജേന്ദ്രന്‍, എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍, പി. വസന്തം, എന്‍. രാജന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് കൗണ്‍സിലിലെത്തിയ പുതുമുഖങ്ങള്‍.

പാര്‍ട്ടിക്ക് പുതുമുഖം നല്‍കണമെന്നും ഇതിനായി ദേശീയ കൗണ്‍സിലില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണമെന്നും 23 -ാം സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കനയ്യകുമാര്‍ അടക്കമുള്ള യുവനേതാക്കളെയും പുതുമുഖങ്ങളെയും പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്.

ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയവരില്‍ രണ്ടുപേര്‍ ഇസ്മായില്‍ പക്ഷത്തുള്ളവരാണ്. പുതിയതായി ഉള്‍പ്പെടുത്തിയവര്‍ എല്ലാം കാനം പക്ഷക്കാരുമാണ്. കൗണ്‍സിലില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ അതൃപ്തി പ്രകടമാക്കി ദിവാകരന്‍ രംഗത്തെത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top