×

ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ പേരും.

കൊച്ചി: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ 14 പേരുള്ള പട്ടികയിലാണു ബിജു രാധാകൃഷ്ണനും ഇടംപിടിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കി. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ബിജു.

സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണു മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുക. വയോധികര്‍, ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നീ ഗണത്തില്‍പെടുന്ന തടവുകാരെ പരിശോധിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണു മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്.

ജയില്‍ ആശുപത്രിയിലെ ചികില്‍സ സംബന്ധിച്ച് ആക്ഷേപമുള്ള കേസുകളും ബോര്‍ഡിനു മുന്‍പില്‍ വരും. വിവിധ കേസുകള്‍ക്കായി കോടതിയില്‍ എത്തിക്കുമ്പോഴെല്ലാം തനിക്കു മാരക രോഗങ്ങളുണ്ടെന്നു ബിജു രാധാകൃഷ്ണന്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ജയില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളെജിലും പലവട്ടം നടത്തിയ പരിശോധനയില്‍ ഗുരുതരരോഗം കണ്ടെത്തിയില്ലെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു.

വയറുവേദന, കാല്‍മുട്ടുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കാണു ബിജുവിനെ മുന്‍പ് ആശുപത്രികളില്‍ എത്തിച്ചിട്ടുള്ളത്. രോഗമുണ്ടെന്നു തുടര്‍ച്ചയായി പരാതിപ്പെടുന്നതിനാലാണു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ പട്ടികയില്‍ ബിജുവിനെയും ഉള്‍പ്പെടുത്തിയതെന്നു ജയില്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ എട്ടിനാണു ബിജു ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്. പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top