ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇത് സംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളി.
ഹാരിസണ്‍സ് കമ്പനിയുടെ അപ്പീല്‍ ശരിവെച്ചാണ് ഹൈക്കോടതിയുടെ വിധി. പൊതുജനപ്രീതിക്ക് നിയമം ലംഘിച്ച് നടപടി പാടില്ല. സര്‍ക്കാര്‍ റോബിന്‍ഹുഡിനെ പോലെയാകരുതെന്നും കോടതി പറഞ്ഞു. വൻകിട കമ്പനികളുടെ നിലനിൽപ് കേരളത്തിന് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യൽ ഓഫീസറായി നിയമിക്കപ്പെട്ട എം.ജി.രാജമാണിക്യം നൽകിയ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യുന്ന ഹർജികൾ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
38,171 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 21 ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹാരിസൺ മലയാളം അധികൃതർ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമി പിന്നീട് മറ്റു പലർക്കും വിറ്റെന്നും ഈ ഭൂമി സർക്കാരിൽ നിക്ഷിപ്തമാണെന്നുമായിരുന്നു സർക്കാരിന്റെ വാദം. ഹാരിസണിന്റെ പക്കൽ നിലവിലുള്ള ഭൂമി സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തി ഇവ തിരിച്ചു പിടിക്കാൻ എം.ജി രാജമാണിക്യത്തെ സർക്കാർ സ്പെഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. തുടർന്ന് വിവിധ ജില്ലകളിലായി ഹാരിസണിന്റെ പക്കലുള്ള ഭൂമി ഏറ്റെടുക്കാൻ നോട്ടീസ് നൽകുന്നതടക്കമുള്ള നടപടികൾ രാജമാണിക്യം സ്വീകരിച്ചു. എന്നാൽ സ്പെഷ്യൽ ഓഫീസറുടെ നിയമനവും നടപടികളും നിയമവിരുദ്ധമാണെന്ന ഹാരിസണിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഹാരിസൺ ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ സിബിഐ അന്വേഷിക്കണം, അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സർക്കാർ പിടിച്ചെടുക്കാൻ നിർദേശിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികളിലും ഇതോടൊപ്പം ഡിവിഷൻ ബെഞ്ച് വാദം കേട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ തുടങ്ങിയവരാണ് ഇതിൽ ഹർജിക്കാർ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്