×

ഹാദിയ കേസില്‍ ഹൈക്കോടതി നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി.

ഹാദിയയുടെ താത്പര്യം മനസ്സിലാക്കിയിട്ടും ഷഫീന്‍ ജഹാനൊപ്പം അയക്കാതിരുന്ന കേരള ഹൈക്കോടതി നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ വീഴ്ചകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയത്. ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ തെറ്റായി നയിച്ചതായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരെഴുതിയ വിധിയില്‍ പറയുന്നു.

ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള അന്വേഷണവും പാടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച് വല്ല കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവുമായി എന്‍.ഐ.എക്ക് മുന്നോട്ടുപോകാമെന്നും വിധിച്ചു. ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിവാഹം അസാധുവാക്കുക വഴി കേരള ഹൈകോടതി അമിതാധികാരമാണ് പ്രയോഗിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ തീവ്രവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേസിലേക്ക് കൊണ്ടുവന്നത് തികച്ചും അനാവശ്യമായിരുന്നു. അത്തരം വിഷയങ്ങളുണ്ടെങ്കില്‍ ആവശ്യമായ നടപടിയെടുക്കേണ്ടത് കോടതിയല്ല, സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റി. സംരക്ഷണം വേണ്ട കുട്ടിയുടെയോ വ്യക്തിയുടെയോ രക്ഷാകര്‍തൃത്വം രാജ്യം ഏറ്റെടുക്കുന്ന തത്ത്വത്തിന് (പേരെന്റ് ഓഫ് ദ നേഷന്‍ തത്ത്വം) ഇവിടെ പ്രസക്തിയില്ല. വളരെ അപൂര്‍വം സാഹചര്യങ്ങളില്‍ മാത്രമേ ഈ തത്ത്വം ഉപയോഗിക്കേണ്ടതുള്ളൂ. അതിനും പല പരിമിതികളുമുണ്ട്.

ഹാദിയയുടെ ഇഷ്ടം അനുവദിച്ചുകൊടുക്കാത്തത് ഭരണഘടനാപരമായ അവകാശം ഭരണഘടനാ കോടതിതന്നെ ഇല്ലാതാക്കുന്നതുപോലെയാണ്. ഒരുതരത്തിലും ഇത് ഉള്‍ക്കൊള്ളാനാവില്ല. അവകാശങ്ങളില്‍ കടന്നുകയറുകയല്ല, മറിച്ച് അവ സംരക്ഷിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടത്. അതിനാല്‍ വിവാഹം റദ്ദാക്കുക വഴി ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റി.

നമ്മുടെ സംസ്‌കാരത്തിന്റെ വൈവിധ്യത്തിലും ബഹുസ്വരതയിലുമാണ് ഭരണഘടനയുടെ ശക്തി കിടക്കുന്നത്. ഒരാള്‍ ആരെ വിവാഹം ചെയ്യണമെന്നതും ചെയ്യരുതെന്നതും ഭരണകൂട നിയന്ത്രണത്തിന് പുറത്താണ്. ഈ വൈവിധ്യവും ബഹുസ്വരതയും മുറുകെപ്പിടിക്കാന്‍ കോടതികള്‍ ബാധ്യസ്ഥമാണ്. ഇത്തരം സ്വാതന്ത്ര്യങ്ങളിലെ ഭരണകൂടത്തിന്റെ കൈക്കടത്തലുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ്.

മുസ്‌ലിം നിയമപ്രകാരം സാധുവായ വിവാഹത്തിന് വേണ്ട നിബന്ധനകളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഹാദിയയുടെ ഇഷ്ടം അംഗീകരിക്കാതിരിക്കുക വഴി ഭരണഘടനപരമായ അവകാശത്തിന്മേലാണ് അസ്വസ്ഥതയുണ്ടാക്കിയതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖന്‍വില്‍കറും ചുണ്ടിക്കാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top