×

ഇനി എല്ലാവര്‍ക്കും ക്വാറന്റീന്‍ വേണ്ട; കൊവിഡ് വ്യാപനം ഫെബ്രുവരി പകുതിയോടെ കുറയുമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം; സംസ്ഥാനത്ത് മൂന്നാം തരംഗത്തില്‍ രോഗ ബാധിതര്‍ ഉയരുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

മൂന്നാം തരംഗത്തില്‍ കേരളം അവലംബിച്ചിരിക്കുന്ന പ്രതിരോധ തന്ത്രം വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു. അത്യാവശ്യമെങ്കില്‍ മാത്രം ആശുപത്രിയില്‍ പോയാല്‍ മതിയാകും. രോഗിയുമായി ബന്ധമുള്ള എല്ലാവര്‍ക്കും ക്വറന്റീന്‍ ആവശ്യമില്ല. കൊവിഡ് രോഗിയെ പരിചരിക്കുന്ന ആള്‍ക്ക് മാത്രം ക്വറന്റീന്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ വര്‍ധനവ് മുന്‍ ആഴ്ചകളെ അപേക്ഷിച്ചു കുറയുന്നതായും മന്ത്രി പറഞ്ഞു. ഡിസംബര്‍ അവസാനത്തെ ആഴ്ച അടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍ ഈ മാസത്തിന്റെ ആദ്യത്തെ മൂന്ന് ആഴ്ചകളേക്കാള്‍ അവസാന ആഴ്ചയില്‍ രോഗവ്യാപനത്തിലെ വര്‍ധന കുറഞ്ഞതായി മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനുവരി ഒന്നു മുതലാണു കേരളത്തില്‍ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചത്. ഡിസംബര്‍ അവസാന ആഴ്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍ ജനുവരി ആദ്യ ആഴ്ചയില്‍ രോഗ വ്യാപനത്തിലെ വര്‍ധന 45 ശതമാനം ഉയര്‍ന്നു. രണ്ടാമത്തെ ആഴ്ച ഇത് 148 ശതമാനമായി. മൂന്നാമത്തെ ആഴ്ചയില്‍ 215 ശതമാനമായി ഉയര്‍ന്ന വര്‍ധന ഈ ആഴ്ചയില്‍ 71 ശതമാനത്തിലേക്കു താഴ്ന്നുവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നവരുടെ എണ്ണം മൂന്നു ശതമാനം മാത്രമാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 40.6 ശതമാനം ഐ.സി.യു. ബെഡുകളില്‍ മാത്രമേ ഇപ്പോള്‍ രോഗികളുള്ളൂ. കോവിഡ്, കോവിഡ് ഇതര രോഗികളുടെ എണ്ണമാണിത്. വെന്റിലേറ്റര്‍ ഉപയോഗം 13 ശതമാനം മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ 9.3 ശതമാനം ഐ.സി.യു ബെഡുകളിലും 9.99 ശതമാനം വെന്റിലേറ്ററുകളിലും മാത്രമേ രോഗികളുള്ളൂ.

ഒമിക്രോണ്‍ മൂലമാണ് വലിയ തോതിലിലുള്ള രോഗവ്യാപനം സംസ്ഥാനത്തുണ്ടായിരിക്കുന്നത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഒമിക്രോണ്‍ താരതമ്യേന തീവ്രമല്ല. രോഗിയുമായി സമ്ബര്‍ക്കത്തില്‍ വരുന്ന മുഴുവന്‍ പേരും ക്വാറന്റീനില്‍ പോകേണ്ടതില്ല. രോഗിയുമായി നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തുന്നവരും പരിചരിക്കുന്നവരും മാത്രം ക്വാറന്റീനിലായാല്‍ മതി.

സംസ്ഥാനത്ത് എം.ബി.ബി.എസ്. നേടിയിട്ടുള്ളവരും ടി.എം.സിയില്‍ താത്കാലികമോ സ്ഥിരമോ ആയ രജിസ്ട്രേഷന്‍ നേടിയിട്ടുള്ളവരുമായ ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണലുകളും വൊളന്ററി സേവനത്തിനിറങ്ങണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു. രണ്ടു മാസത്തെ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ടെലിമെഡിസിന്‍ സംവിധാനം ശക്തമാക്കുന്നതിനായി വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടുതലായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരിയില്‍ 40,000 നു മേല്‍ ആളുകള്‍ ടെലി മെഡിസിന്‍ സേവനം പ്രയോജനപ്പെടുത്തി. അത്യാവശ്യ ഘട്ടത്തില്‍ മാത്രം ആശുപത്രിയിലേക്ക് പോയാല്‍ മതിയെന്നും അല്ലാത്ത സാഹചര്യങ്ങളില്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

കോവിഡ് ബാധിതരായി ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍, പ്രായംചെന്നവര്‍, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവരുടെ ആരോഗ്യനില യഥാസമയം അറിയുന്നതിന് അംഗന്‍വാടി വര്‍ക്കേഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവാകുന്ന എല്ലാവരുമായും അതതു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടും. ഏതെങ്കിലും കാരണവശാല്‍ ടെലഫോണിലോ മറ്റോ വിളിക്കാന്‍ കഴിയാതെപോയാല്‍ ദിശയുടെ 104, 1056 എന്നീ നമ്ബറുകളിലും ജില്ലകളിലെ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലും ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാം. കോവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മെഡിക്കല്‍ കോളജുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ഇന്നു സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top