×

കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതിയിലെ ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ രംഗത്ത്.

യൂഡല്‍ഹി: ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നും കൊളീജിയം തീരുമാനങ്ങള്‍ അവഗണിക്കുന്നുവെന്നുമാണ് ചെലമേശ്വറിന്റെ ആരോപണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കപ്പെടുന്ന സാഹചര്യം ചര്‍ച്ചചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടെയും യോഗം (ഫുള്‍ കോര്‍ട്ട്) വിളിക്കണമെന്നും ചെലമേശ്വര്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുള്ള കത്തിലാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടു രാജ്യസഭയില്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സര്‍ക്കാരിനെതിരെ നിലപാടെടുക്കാന്‍ ചീഫ് ജസ്റ്റിസിനുമേല്‍ ജുഡീഷ്യറിക്കുള്ളില്‍നിന്ന് സമ്മര്‍ദമുണ്ടാകുന്നത്.

കര്‍ണാടകയിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.കൃഷ്ണ ഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കണമെന്നു സുപ്രീം കോടതി കൊളീജിയം രണ്ടുതവണ ശുപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ല. പകരം, കൃഷ്ണ ഭട്ടിനെതിരെ ഒരു പ്രിന്‍സിപ്പല്‍ സിവില്‍ ജഡ്ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഈയിടെ കേന്ദ്ര നിയമമന്ത്രാലയം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു നേരിട്ട് ആവശ്യപ്പെട്ടു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നു 2016ല്‍ തന്നെ കര്‍ണാടക ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് നല്‍കിയതായിരുന്നു. നിയമമന്ത്രാലയം ഹൈക്കോടതിക്കു നേരിട്ടു നിര്‍ദേശം നല്‍കാന്‍ വ്യവസ്ഥയുമില്ല. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ 21ന് ആണു ജസ്റ്റിസ് ചെലമേശ്വര്‍, ചീഫ് ജസ്റ്റിസിനു കത്തെഴുതുന്നത്. തുടര്‍ന്ന്, അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കര്‍ണാടക ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയോടു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചതായാണു സൂചന.

സര്‍ക്കാരിന്റെ ഇടപെടലും സമീപനരീതിയും ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നു കര്‍ണാടകയിലെ ജഡ്ജിനിയമന പ്രശ്‌നം ഉദാഹരണമാക്കി കത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ വാദിക്കുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയും സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്നു കൊളീജിയം കഴിഞ്ഞ ജനുവരിയില്‍ ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല.

കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 12നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തി അധികാര ദുര്‍വിനിയോഗ ആരോപണമുന്നയിച്ച നാലു സുപ്രീം കോടതി ജഡ്ജിമാരിലൊരാളാണു ജസ്റ്റിസ് ചെലമേശ്വര്‍.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top