×

ചെങ്ങന്നൂരില്‍ വോട്ട് പിടിക്കാനായി ബിജെപി പണമൊഴുക്കുന്നതായി എല്‍ഡിഎഫ് ആരോപണം.

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുപിടിക്കാന്‍ വീടുകള്‍ കയറി ഇറങ്ങി പണം വിതരണം നടത്തുന്നതായി ആരോപിച്ച് എല്‍ഡിഎഫ് പൊലീസില്‍ പരാതി നല്കി. ബിജെപി വോട്ടര്‍മാര്‍ക്ക് 2,000 മുതല്‍ 5,000 രൂപ വരെ നല്‍കിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായിട്ടാണ് വിവരം.

നേരെത്ത സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ഇതു റിപ്പോര്‍ട്ട് ചെയ്തിരുന്നു.സിംഗപ്പൂര്‍ ചേമ്പര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബിജെപിയുടെ എക്സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ കണ്‍വീനറുമായ ക്യാപ്റ്റന്‍ കെ എ പിള്ളയുടെ നേതൃത്വത്തിലാണ് വന്‍ തുക കൊണ്ടു വന്ന്, മണ്ഡലത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളില്‍ വിതരണം നടത്തുന്നത് എന്നാണ് ദേശാഭിമാനി റി്‌പ്പോര്‍ട്ട് ചെയ്തത്.

ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ 2000 മുതല്‍ 5000 രൂപവരെയാണ് ഒരു വീട്ടില്‍ അഡ്വാന്‍സായി നല്‍കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ തുക നല്‍കാമെന്ന് വാഗ്ദാനവുമുണ്ട്. തിങ്കളാഴ്ച രാവിലെമുതല്‍ ചെങ്ങന്നൂര്‍ നഗരപരിധിയിലെ 49ാം ബൂത്ത് ഉള്‍പ്പെടുന്ന അങ്ങാടിക്കല്‍മലയിലെ വീടുകളില്‍ പണം നല്‍കി. മൂന്നുകോളനികളിലെ സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് പണം നല്‍കിയത്.

കുട്ടികള്‍ക്ക് 50മുതല്‍ 200 രൂപവരെ അവധിക്കാലം ആഘോഷിക്കാനും നല്‍കുന്നുണ്ട്. യുവാക്കള്‍ക്ക് സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് ജോലി വാഗ്്ദാനം. മോഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതിയില്‍ മക്കള്‍ക്ക് ജോലി ഉറപ്പാക്കാമെന്നുപറഞ്ഞ് അപേക്ഷാഫോം രക്ഷിതാക്കള്‍ക്ക് കാട്ടിക്കൊടുക്കും. ഫോം പൂരിപ്പിക്കാന്‍ പിന്നീട് വരാമെന്ന് പറഞ്ഞാണ് ക്യാപ്റ്റന്‍ പിള്ള മടങ്ങുന്നത്. കെഎ പിള്ളയുടെ സിംഗപ്പൂര്‍ ബന്ധവും ബിജെപി ബന്ധവും കാണിക്കുന്ന രണ്ട് വിസിറ്റിങ് കാര്‍ഡുകളും വീടുകളില്‍ നല്‍കി. സംഘമായിട്ടാണ് പോകുന്നതെങ്കിലും വീടുകളിലേക്ക് പിള്ള മാത്രമേ കയറുന്നുള്ളൂ.

വിദേശബന്ധമുള്ളവര്‍ ബിജെപിക്ക് വോട്ടുപിടിക്കാന്‍ പണം വിതരണം ചെയ്തതിനെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഎം മണ്ഡലം സെക്രട്ടറി എം എച്ച് റഷീദ് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം ബിജെപി പ്രചാരണത്തിന് തുടക്കംകുറിച്ച് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലും വീടുകളില്‍ ജോലിയും പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായവുമൊക്കെ വാഗ്ദാനം ചെയ്തിരുന്നു.

ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ താമസക്കാരനോ വോട്ടറോ അല്ല ആരോപണവിധേയനായ പിള്ള. മണ്ഡലത്തിന് പുറത്തുള്ള വ്യക്തി പണപെട്ടിയുമെടുത്ത് വീടുകയറി വോട്ടിന് പണം അഡ്വാന്‍സ് കൊടുക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.

കെകെ രാമചന്ദ്രന്‍ നായരുടെ വിയോഗത്തോടെ ഒഴിവ് വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ചിത്രം ഏകദേശം തെളിഞ്ഞിരിക്കുകയാണ്. മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ പ്രചാരണത്തിന് ചൂടുപിടിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെപിസിസി നിര്‍വാഹക സമിതി അംഗമായ ഡി വിജയകുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പിഎസ് ശ്രീധരന്‍പിള്ളയുമാണ് മത്സര രംഗത്തുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top