×

തട്ടിപ്പുകള്‍ തടയാന്‍ ആധാര്‍ ഉപകരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി സുപ്രീംകോടതി.

ന്യൂഡല്‍ഹി: തട്ടിപ്പ് നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആധാര്‍ ഉപകരിക്കുമെങ്കിലും തട്ടിപ്പു തടയാന്‍ ആധാറിനു ശേഷിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ആധാര്‍ പദ്ധതിയുടെ പേരില്‍ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നു കയറുന്നതിനെ ചോദ്യം ചെയ്യുന്നഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇവ ചൂണ്ടിക്കാട്ടിയത്.

ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെ സമൂഹത്തിലെ അനധികൃത ഇടപാടുകള്‍ തടയാനുള്ള മാര്‍ഗമാണ് ആധാര്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. ആര്‍ക്കൊക്കെയാണു വായ്പകള്‍ കൊടുക്കുന്നതെന്നു ബാങ്കുകള്‍ക്ക് അറിയാം. ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മില്‍ അടുപ്പമുണ്ട്. ആധാര്‍ കൊണ്ടൊന്നും ഈ തട്ടിപ്പ് തടയാനാകില്ല’ സുപ്രീംകോടതി ബെഞ്ച് വാക്കാല്‍ പറഞ്ഞു.

വജ്രവ്യാപാരി നീരവ് മോദി, അമ്മാവനും വ്യാപാര പങ്കാളിയുമായ മൊഹുല്‍ ചോക്‌സി എന്നിവര്‍ ചേര്‍ന്ന് 13,000 കോടി രൂപ, റോട്ടോമാക് ഉടമ വിക്രം കോത്താരി 3695 കോടി രൂപ എന്നിങ്ങനെ വിവിധ ബാങ്കുകളില്‍നിന്നു വന്‍തുകകള്‍ തട്ടിച്ച പശ്ചാത്തലത്തിലാണു കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം.

രാജ്യത്തെ ഓരോ പൗരനും ബയോമെട്രിക് വിവരങ്ങള്‍ കൈമാറണമെന്ന് നിര്‍ബന്ധമാക്കുന്ന ആധാര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭാവിയില്‍ ഡി.എന്‍.എ സാമ്പിളും രക്ത, മൂത്ര സാമ്പിളുകളും കൈമാറേണ്ടിവരില്ലേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. ആധാര്‍ പദ്ധതിക്കു ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിക്ക് (യുഐഡിഎഐ) കേന്ദ്രം വലിയ അധികാരങ്ങള്‍ നല്‍കിയതിനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു കോടതി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top