×

ഹൈദരാബാദ് മെട്രോയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പൊതു ജനങ്ങള്‍ക്കായി മെട്രോ നാളെ തുറക്കും

ഹൈദരബാദ്: ഹൈദരാബാദ് മെട്രോ റെയിലിന്റെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ എന്നിവരോടൊത്ത് മെട്രോയില്‍ യാത്ര നടത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മിയാപുര്‍ മുതല്‍ കുകതപള്ളി വരെയായിരുന്നു ഉദ്ഘാടന യാത്ര. ബുധനാഴ്ച പൊതു ജനങ്ങള്‍ക്കായി മെട്രോ തുറന്ന് നല്‍കും.
നാഗോള്‍ മുതല്‍ മിയാപുര്‍ വരെയുള്ള നിര്‍മ്മാണം പൂര്‍ത്തിയായ 30 കിലോമീറ്ററിനുള്ളില്‍ 24 സ്റ്റേഷനുകളാണ് ഉള്ളത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഉസ്മാനിയ്യ സര്‍വകലാശാല, സെക്കന്ദരാബാദ് റെയില്‍വെ സ്റ്റേഷന്‍ തുടങ്ങി നിരവധി തിരക്കേറിയതും പ്രധാനപ്പെട്ടതുമായ മേഖലയില്‍ കൂടിയാണ് മെട്രോ കടന്ന് പോകുന്നത്.
ആദ്യ ഘട്ടത്തില്‍ ദിനംപ്രതി 17 ലക്ഷം യാത്രക്കാര്‍ക്ക് മെട്രോയുടെ പ്രയോജനം ലഭിക്കും.
സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ വിസ്തൃതിയുള്ള മെട്രോ പദ്ധതിയാണിത്. മൂന്ന് ഇടനാഴികളായി വിഭജിച്ചാണ് ഹൈദരബാദ് മെട്രോയുടെ പദ്ധതി. തുടക്കത്തില്‍ രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് മെട്രോയുടെ പ്രവര്‍ത്തന സമയം. പിന്നീട് തിരക്കിനനുസരിച്ച്‌ രാവിലെ 5.30 മുതല്‍ രാത്രി 11 മണി വരെയാക്കും. പത്തു രൂപ മുതല്‍ 60 വരെയാണ് ടിക്കറ്റിന്റെ വില.
ആദ്യ ഘട്ടത്തില്‍ മൂന്ന് കോച്ചുകളുള്ള ട്രെയിനുകളായിരിക്കും ഓടിക്കുക. 330 യാത്രക്കാരെ വഹിക്കാനാകും ഇതിന്. പിന്നീട് ആറു കോച്ചുകളാക്കി വര്‍ധിപ്പിക്കുമെന്നും തെലങ്കാന സാങ്കേതിക മന്ത്രി കെ.ടി.രാമ റാവു അറിയിച്ചു.
2012-ലാണ് ഹൈദരാബാദ് മെട്രോ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ വര്‍ഷം ജൂണില്‍ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഭൂമിയേറ്റെടക്കലടക്കമുള്ള കാര്യങ്ങള്‍ വൈകിയത് ഇതിന് തടസ്സമായി. മൊത്തം 72 കിലോ മീറ്ററാണ് മെട്രോയുടെ പദ്ധതി. അടുത്ത വര്‍ഷത്തോടെ ഇത് പൂര്‍ത്തീകരിക്കുമെന്നാണ് തെലങ്കാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top