×

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും നാളെ മലേഷ്യയില്‍ കൂടിക്കാഴ്ച നടത്തും.

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും നാളെ മലേഷ്യയില്‍ കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച നടക്കുന്ന തമിഴ് താരസംഗമത്തില്‍ പങ്കെടുക്കാനായാണ് ഇരുവരും മലേഷ്യയില്‍ എത്തുന്നതെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ച്‌ ഈ കൂടിക്കാഴ്ചയ്ക്ക് വന്‍ പ്രാധാന്യമുണ്ട്. താരസംഗമ വേദിയില്‍ വച്ച്‌ ഇരുവരും തങ്ങളുടെ രാഷ്ട്രീയ നിലപാടുമായി സദസിനെ അഭിസംബോധന ചെയ്യുമെന്നും അറിയുന്നു. വെള്ളിത്തരയില്‍ ഇരുവരും മത്സരാര്‍ത്ഥികളാണെങ്കിലും അതിനു പുറത്ത് അടുത്ത സുഹൃത്തുക്കളാണ്. ആ സൗഹൃദം ഒന്നുകൊണ്ട് മാത്രമാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ ആലോചിച്ചപ്പോള്‍ തന്നെ രജനീകാന്ത് കമല്‍ഹാസന്റെ അടുത്ത് ആദ്യമെത്തിയത്. കമലിന്റെ വീട്ടില്‍ ഒരു മണിക്കൂറിലേറെ ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് കഴിഞ്ഞ മേയ് മാസം ആരാധക സംഗമത്തില്‍ വച്ച്‌ രജനി രാഷ്ട്രീയ പ്രവേശന സൂചന നല്‍കിയത്. എന്നാല്‍, നവംബറില്‍ 63-ാം പിറന്നാള്‍ ദിനത്തില്‍ കമല്‍ തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആ സമയത്തും രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിരുന്നില്ല. കമല്‍ തന്റെ അണികളുമായും പൊതുജനങ്ങളുമായും സംവദിക്കാനായി പുതിയ ആപ്പ് ജനുവരിയില്‍ പുറത്തിറക്കുമെന്ന് അറിയിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഡിസംബര്‍ 31ന് രജനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കമല്‍ ആ പ്രഖ്യാപനത്തെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിരുന്നു. എന്റെ മൂത്ത സഹോദരന്‍ എന്നാണ് കമല്‍ രജനിയെ വിശേഷിപ്പിച്ചത്. അന്നു മുതല്‍ ഇരുവരും രാഷ്ട്രീയത്തില്‍ ഒന്നിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് അമേരിക്കയിലേക്ക് പോയ കമല്‍ മടങ്ങി വന്ന ഉടന്‍ പുതിയ പ്രഖ്യാപനമുണ്ടാകുമെന്ന രീതിയിലാണ് അറിയിപ്പുകള്‍ പുറത്തുവന്നത്. ഇതിനിടയിലാണ് ഇരുവരും മലേഷ്യയില്‍ വച്ച്‌ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രജനിയുടെ ആത്മീയ രാഷ്ട്രീയവും കമലിന്റെ നിരീശ്വര രാഷ്ട്രീയവും ഒന്നിക്കുമോ അതോ തങ്ങളുടെ നിലപാടിലൂന്നിയ വ്യത്യസ്ത പാര്‍ട്ടികളായി പ്രവര്‍ത്തിക്കുമോയെന്ന് കാത്തിരിക്കുകയാണ് അണികളും ആരാധകരും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top