സി.പി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ വികൃതമുഖം ഒരിക്കല്‍ക്കൂടി പ്രകടമായെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പരാമർശിക്കവെയായിരുന്നു ഇങ്ങനെ ഒരു അഭിപ്രായപ്രകടനം .
സി.പി.എം രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ നടത്തുന്ന സംഘട്ടനങ്ങള്‍ കോണ്‍ഗ്രസിലേക്കും കൂടി വ്യാപിപ്പിച്ച് കേരളത്തെ കലാപ ഭൂമിയാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. കഴിഞ്ഞമാസം കെ.എസ്.യുവിന്റെ യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് ഈ അരുംകൊലയ്ക്ക് സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ എടയന്നൂര്‍ തെരൂരില്‍ സുഹൃത്തിന്റെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ ഷുഹൈബ് ഉള്‍പ്പടെയുള്ളവര്‍ക്ക് നേരേ സി.പി.എം അക്രമികള്‍ ബോംബെറിഞ്ഞ ശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഷുഹൈബിന്റെ അരയക്ക് താഴേയ്ക്ക് 37 വെട്ടുകള്‍ ഉണ്ടെന്നാണ്. ബോംബേറില്‍ പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, റിയാസ്, എന്നിവര്‍ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. സി.പി.എം. ജില്ലാ നേതാക്കളുടെ അറിവോടും സമ്മതത്തോടുംകൂടി നടന്ന ആസൂത്രിത കൊലപാതകമാണിതെന്നും എം.എം.ഹസന്‍ ആരോപിച്ചു.
ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പരിഹാസ്യമാണ്. രണ്ടാഴ്ച മുന്‍പ് എടയന്നൂരീല്‍ നടത്തിയ റാലിക്കിടെ ‘ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്ന് ആക്രോശിച്ചുകൊണ്ട് സി.പി.എം അക്രമികള്‍ കൊലവിളി നടത്തുന്ന വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ അക്രമത്തിന്റെ ഉത്തരവാദികള്‍ സി.പി.എം. ആണെന്ന് വ്യക്തമാണെന്നും ഹസന്‍ പറഞ്ഞു.
അധികാരത്തിന്റെ തണലില്‍ സി.പി.എം അക്രമ പരമ്ബരകള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ്. പോലീസ് സി.പിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 22 -ാം മത്തെ രാഷ്ട്രീയ കൊലപാതകമാണിത്. സ്വതന്ത്ര രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കാതെയുള്ള ഫാസിസ്റ്റ് അക്രമരാഷ്ട്രീയമാണ് കണ്ണൂരില്‍ സി.പി.എമ്മിന്റേത്. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കാതെ സംരക്ഷിക്കാനാണ് സി.പി.എം ശ്രമമെങ്കില്‍ ശക്തമായ ജനകീയപ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും എം.എം. ഹസന്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്