സിബിഎസ്‌ഇ ഹര്‍ജികള്‍ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും
ദില്ലി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികള്‍ ബുധനാഴ്ച സുപ്രിം കോടതി പരിഗണിക്കും. ദില്ലിയില്‍ മാത്രമായി പരീക്ഷ നടത്തരുത് എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് മലയാളി വിദ്യാര്‍ത്ഥികളും ഹര്‍ജികളുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് സിബിഐയുടെയും പ്രത്യേക സംഘത്തിന്റെയും അന്വേഷണം വേണമെന്നാണ് മലയാളി വിദ്യാര്‍ത്ഥി റോഷന്‍ മാത്യുവിന്റെ ആവശ്യം.
ദില്ലിയിലും ഹരിയാനയിലും മാത്രമായി പരീക്ഷ നടത്തുന്നത് ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് കാട്ടി മലയാളി വിദ്യാര്‍ത്ഥികളായ അനസൂയ തോമസ്, ഗായത്രി തോമസ് എന്നിവരും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. രാജസ്ഥാന്‍ കര്‍ണാടക തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടത്താത്തതെന്നും ഇവരുടെ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണവും അറസ്റ്റും പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദില്ലി പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സ്‌കൂള്‍ അധ്യാപകരെയും കോച്ചിംഗ് സെന്ററിലെ അധ്യാപകനെയുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ദില്ലി ബവാനയിലെ കോണ്‍വെന്റ് സ്‌കൂള്‍ അധ്യാപകരായ റിഷബ്, രോഹിത്, കോച്ചിംഗ് സെന്റര്‍ അധ്യാപകന്‍ തൗഖീര്‍ എന്നിവരാണ് അറസ്റ്റിലായത്. 12-ാം ക്ലാസിലെ എക്കണോമിക്‌സ് പരീക്ഷയ്ക്ക് ഒന്നര മണിക്കൂര്‍ മുന്‍പ് അധ്യാപകര്‍ ചോദ്യക്കടലാസിന്റെ ഫോട്ടോയെടുത്ത് തൗഖീറിന് വാട്ട്‌സ്‌ആപ്പ് വഴി അയച്ചുകൊടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
നേരത്തെ ജാര്‍ഖണ്ഡിലെ ഛാത്രയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 12 പേരും അറസ്റ്റിലായിരുന്നു. 10, 11 ക്ലാസ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.
ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസിലെ എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടും പത്താംക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടുമാണ് കേസുകള്‍. സംഭവത്തില്‍ ഇതുവരെ അറുപതോളം പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്