സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തിന് സിപിഐ അഭയം നല്‍കും, സമരവുമായി മുന്നോട്ടെന്നു സിപിഎം
കുമളി: സിപിഎം കുടിയിറക്കിയ രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് അഭയം നല്‍കുമെന്ന് വ്യക്തമാക്കി സിപിഐ. ഈ കുടുംബത്തെ വാടക വീട്ടില്‍ താമസിപ്പിക്കാനാണ് സിപിഐയുടെ ഇപ്പോഴത്തെ നീക്കം. സിപിഎം പാര്‍ട്ടി ഓഫീസാക്കി മാറ്റിയ ഇവരുടെ വീട് വീണ്ടെടുക്കുന്നത് വരെ മറ്റൊരു വാടക വീട്ടില്‍ ഇവരെ താമസിപ്പിക്കാനാണ് സിപിഐ തീരുമാനം. ഡിസംബര്‍ പത്തിനകം ഈ കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സമരവുമായി സിപിഐ മുന്നോട്ടു പോകും.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള വീടിനെ ചൊല്ലിയുള്ള തര്‍ക്കം മുതലെടുത്താണ് സിപിഎം പ്രാദേശിക നേതാക്കള്‍ ദളിത് കുടുംബത്തെ കുടിയൊഴിപ്പിച്ച് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബോര്‍ഡ് സ്ഥാപിച്ചത്. അധ്യാപകന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ് ഇതിന് പിന്നില്‍. ദളിത് കുടുംബത്തിന് അനുകൂലമായ കോടതിവിധി നടപ്പിലാക്കാന്‍ പോലീസ് തയ്യാറായില്ല. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ പുറത്താക്കി വീട് സിപിഎം ഓഫീസാക്കി മാറ്റിയത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ 4 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കുമളിക്ക് സമീപം മുരുക്കടിയിലുള്ള സര്‍ക്കാര്‍ സ്കൂളിലെ മുഹമ്മദ് സല്‍മാന്‍ എന്ന മുത്തുവും അദ്ദേഹത്തിന്റെ സഹോദരനായ മാരിയപ്പനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം ഇടപെടല്‍ ഉണ്ടായത്. മുഹമ്മദ് സല്‍മാനുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട സിപിഎം വീടിന് മുന്നില്‍ പാര്‍ട്ടി ഓഫീസ് എന്ന ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.
കുമളി മുരിക്കടി സ്വദേശികളായ മാരിയപ്പനും, അധ്യാപകനും ബന്ധുവുമായ മുത്തു എന്ന സല്‍മാനും തമ്മിലാണ് ഉടവസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കവും കേസും നിലനില്‍ക്കുന്നത്. മാരിയപ്പന്‍ പീരുമേട് കോടതിയെ സമീപ്പിച്ച് അനുകൂല വിധി സമ്ബാദിച്ചെടുത്തിരുന്നു. തുടര്‍ന്ന് മുത്തു എന്ന സല്‍മാന്‍ സി.പി.എമ്മിന്റെ യും മാരിയപ്പന്‍ സി.പി.ഐയുടെയും പിന്തുണ തേടി. തുടര്‍ന്ന് സി.പി.ഐ വീടിനു മുമ്ബില്‍ കൊടി നാട്ടി മാരിയപ്പന് സംരക്ഷണവാഗ്ദാനം നല്‍കി. തുടര്‍ന്ന് സി.പി.എം നേതാക്കള്‍ തര്‍ക്കത്തിലുള്ള വീട് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയായിരുന്നു. ഭീഷണിപ്പെടുത്തി തങ്ങളെ കുടിയൊഴിപ്പിക്കുയായിരുന്നുവെന്ന് മാരിയപ്പന്റെ കുടുംബം പറയുന്നു.
പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുന്നതിന് ഒത്താശ ചെയ്തു. മാരിയപ്പനും ഭാര്യ ശശികലയും തമിഴ് ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. ഇവരുടെ തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഇവിടെ പിടിച്ച് വെച്ചിരിക്കുകയുമാണ്. മാരിയപ്പന് വീട്ടില്‍ അവകാശമില്ലെന്നാണ് സിപിഎം പറയുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്