×

സര്‍ക്കാരിന്റെ ആവശ്യം തള്ളി ; ശബരിമല നിരീക്ഷണ സമിതിക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ന്യൂഡല്‍ഹി : ശബരിമല നിരീക്ഷണ സമിതിക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ക്രമപ്രകാരം മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളൂ എന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ശബരിമലയില്‍ പൂര്‍ണ മേല്‍നോട്ട ചുമതല നല്‍കി നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ശബരിമലയില്‍ ഇത്തരമൊരു നിരീക്ഷണ സമിതി പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്.

ശബരിമലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ഇതേത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി സ്ഥിതിഗതികള്‍ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗസമിതിയ്ക്ക് രൂപം നല്‍കിയത്. ജസ്റ്റിസുമാരായ പി.ആര്‍.രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

ശബരിമലയില്‍ ഇപ്പോഴത്തെ സൗകര്യങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചൊവ്വാഴ്ച സംഘം ശബരിമലയിലെത്തിയിരുന്നു. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളില്‍ പൊതുവേ തൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്. സര്‍ക്കാരിന് അനഭിമതനായ ഡിജിപി എ ഹേമചന്ദ്രന്‍, ഡിജിപി ലോകനാഥ് ബെഹറയ്ക്ക് മുകളില്‍, നിരീക്ഷണ സമിതിയില്‍ അം​ഗമായതാണ് സര്‍ക്കാരിന്റെ അതൃപ്തിക്ക് പ്രധാന കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top