×

ശുഹൈബ് വധക്കേസ്: സര്‍ക്കാരിന് തിരിച്ചടി, അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ടു. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ ഹൈക്കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് കേസ് ഏറ്റെടുക്കണമെന്നും ജസ്റ്റിസ് കമാല്‍ പാഷ നിര്‍ദേശിച്ചു. ശുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്ന സര്‍ക്കാരിന് വന്‍തിരിച്ചടി ആയിരിക്കുകയാണ് വിധി.

സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസ് ഡയറി എത്രയും വേഗം സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെല്ലാം പിടിയിലായിട്ടുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു കോടതി ഉര്‍ത്തിയത്. പൊലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ശക്തമായ ഭാഷയിലായിരുന്നു വിമര്‍ശിച്ചത്. ഇനി ഈ കേസില്‍ കേരളാ പൊലീസ് ഒന്നും ചെയ്യേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികളുടെ അഭാവത്തില്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയത് പൊലീസിന്റെ കള്ളക്കൡയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് പ്രതികളെക്കൊണ്ട് ആയുധങ്ങള്‍ കണ്ടെടുത്തില്ലെന്ന് കോടതി ചോദിച്ചു.

വാദത്തിനിടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ കോടതി വിമര്‍ശിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന പുറത്തുവരാറില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കേസിന് പിന്നിലുള്ളവര്‍ തുടര്‍ച്ചയായി കൈകഴുകുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശുഹൈബിന്റെ കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയലക്ഷ്യം എന്താണെന്ന് കോടതി ചോദിച്ചു. ശുഹൈബ് വധത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസ് കമാല്‍ പാഷ രൂക്ഷവിമര്‍ശനങ്ങളാണ് പൊലീസിനെതിരെ ഉയര്‍ത്തിയത്.

ശുഹൈബ് വധക്കേസില്‍ കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് കോടതി പറഞ്ഞു. പ്രതികളുടെ അഭാവത്തില്‍ ആയുധങ്ങള്‍ കണ്ടെടുത്തത് പൊലീസിന്റെ കള്ളക്കളിയാണ്. പ്രതികളെ ഉപയോഗിച്ച്‌ ആയുധങ്ങള്‍ എന്തുകൊണ്ട് കണ്ടെടുത്തില്ലെന്ന് കോടതി ആരാഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നതിനെ സര്‍ക്കാര്‍ ചോദ്യം ചെയ്തു. സിംഗിള്‍ ബെഞ്ചിന് ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ പറഞ്ഞു. ഇതിനെതിരെ കോടതി രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. കേസ് പരിഗണിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കുകയാണോ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജസ്റ്റിസ് കമാല്‍ പാഷ ചോദിച്ചു. കണ്ണൂരിലെ കൊലപാതകങ്ങളില്‍ താന്‍ നേരത്തെയും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. ഇപ്പോള്‍ മാത്രം സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ജഡ്ജി ചോദിച്ചു.

കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിച്ചാല്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പൊലീസിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.

പ്രതികളും ശുഹൈബും തമ്മില്‍ വ്യക്തിവൈരാഗ്യം ഉണ്ടെന്ന് ഉറപ്പാണോയെന്ന് കോടതി ചോദിച്ചു. പ്രതികളിലൊരാളായ ബിജുവും ശുഹൈബും തമ്മില്‍ വൈരാഗ്യം ഉണ്ടായിരുന്നെന്ന് സ്റ്റേറ്റ് അറ്റോര്‍ണി മറുപടി നല്‍കി. സംഭവത്തിന് പിന്നിലെ ഗൂഢാലോചന വെളിപ്പെട്ടോയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നാിരുന്നു സര്‍ക്കാരിന്റെ മറുപടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top