×

ശുഹെെബ് വധം; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊലപാതകം നടത്തിയ ആയുധം കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പൊലീസില്‍ ചാരന്‍മാരുണ്ടെന്ന കണ്ണൂര്‍ എസ്പിയുടെ പരാമര്‍ശവും കോടതി ചൂണ്ടിക്കാട്ടി.

ശുഹൈബ് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് മുഹമ്മദ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട് നിലവിലെ കേസന്വേഷണം തൃപ്തികരമല്ലെന്ന് ശുഹെെബിന്റെ പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഭരണകക്ഷി ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് പൊലീസ് കേസന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും പിതാവ് ഹര്‍ജിയില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പ്രതികളുമായി ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസില്‍ സിപിഐഎം ജില്ലാ നേതാക്കള്‍ക്കുളള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കിയത്. പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ശുഹെെബിന്റെ കുടുംബം രംഗത്തെത്തുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ നിരാഹാര സമരം നടത്തുമെന്നും അറിയിച്ചിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹെെക്കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. സിപിഐഎം നേതാക്കളുടെ പങ്ക് പുറത്തുവരുമെന്ന ഭയത്താലാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിര്‍ക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top