ശാസ്ത്ര സാങ്കേതിക നൂതനതാ നയം മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാകുന്ന വിഭവശേഷി വികസനത്തിന് മുന്‍ഗണന നല്‍കുന്ന ശാസ്ത്ര-സാങ്കേതിക നൂതനതാ നയം മന്ത്രിസഭ അംഗീകരിച്ചു.
പ്രകൃതിവിഭവങ്ങളുടെ പരിപാലനം, കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കല്‍, ജലസുരക്ഷ, പുനരുപയോഗം സാധ്യമാകുന്ന ഊര്‍ജസ്രോതസ്സുകള്‍, ജൈവവൈവിധ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം മുതലായ കാര്യങ്ങളിലാണ് ഊന്നല്‍ നല്‍കുകയെന്ന് നയം വ്യക്തമാക്കുന്നു.
ശാസ്ത്രഗവേഷണത്തിന്റെ അന്തിമ ഫലങ്ങള്‍ സമൂഹനന്മയ്ക്ക് ഉതകുന്ന രീതിയില്‍ പ്രയോഗിക്കുന്നതിന് നിലവില്‍ പരിമിതികളുണ്ട്. അതു മറികടക്കണം. കരഭൂമി, ജലസ്രോതസ്സ്, വനം എന്നിവയുടെ സുസ്ഥിരവും പൂര്‍ണവുമായ ഉപയോഗം സാധ്യമാക്കുന്ന തരത്തിലുളള ഇടപെടല്‍ വേണം. അതിനനുസൃതമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും നയത്തില്‍ പറയുന്നു.
വിവിധ തരത്തിലുളള വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ഗവേഷണ പദ്ധതികള്‍ കുറവാണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്തണം. എല്ലാ വന്‍കിട സംരംഭങ്ങളും അവയുടെ വരുമാനത്തിന്റെ ഒരു നിശ്ചിതഭാഗം ഗവേഷണങ്ങള്‍ക്കായി മാറ്റിവെയ്ക്കേണ്ടതാണ്.
ഉല്‍പ്പാദനപ്രക്രിയയില്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത അസംസ്കൃത വസ്തുക്കളുടെ അളവില്‍ എങ്ങനെ കുറവു വരുത്താം? പരിസ്ഥിതിക്കുണ്ടാവുന്ന ആഘാതങ്ങള്‍ എങ്ങനെ ലഘൂകരിക്കാം? ഉല്‍പ്പന്നങ്ങളേയും ഉല്‍പാദനപ്രക്രിയയേയും എങ്ങനെ മെച്ചപ്പെടുത്താം? എന്നീ മേഖലകളിലായിരിക്കും ഗവേഷണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ സ്ഥാപനങ്ങളും പരസ്പരം സഹകരിച്ചുകൊണ്ട് സാങ്കേതിക രംഗത്തെ തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണം.
നിലവിലുളള ഇന്റേണ്‍ഷിപ്പ് പരിശീലനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തണം. പുതയവയ്ക്ക് തുടക്കമിടണം. ഗവേഷണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ കുറ്റമറ്റതാക്കണം. അനുയോജ്യരും നിശ്ചിത യോഗ്യതയുളളവരും മാത്രം തിരഞ്ഞെടുക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക. ഇതിനായി ഒരു പ്രത്യേക നിയമ സംവിധാനം നിലവില്‍ വരുത്തണമെന്നും നയത്തില്‍ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്