വിദേശ എം.ബി.ബി.എസിന് ‘നീറ്റ്’ നിര്‍ബന്ധം
ന്യൂഡല്‍ഹി: ദേശീയ യോഗ്യത പ്രവേശന പരീക്ഷയായ ‘നീറ്റ്’ പാസായവര്‍ക്ക് മാത്രമായി വിദേശ എം.ബി.ബി.എസ് പഠനാവസരം പരിമിതപ്പെടുത്തി. നീറ്റ് പാസാകാത്തവരെ മറ്റു രാജ്യങ്ങളില്‍ മെഡിക്കല്‍ കോഴ്സില്‍ ചേരാന്‍ അനുവദിക്കില്ല. ഇൗ വര്‍ഷം മേയ് മുതല്‍ വ്യവസ്ഥ ബാധകമാണ്. പ്രവേശന പരീക്ഷ ചട്ടം ഭേദഗതി ചെയ്യാനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെ നിര്‍ദേശം ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. കേരളത്തില്‍നിന്ന് 2000ത്തോളം പേര് അടക്കം ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം 7000ത്തില്പരം കുട്ടികള്‍ മെഡിക്കല്‍ പഠനത്തിന് വിദേശത്തു പോകുന്നുണ്ട്. മിക്കവരും റഷ്യയിലും ചൈനയിലുമാണ് പോകുന്നത്.
ഇന്ത്യയില്‍ എം.ബി.ബി.എസിനു ചേരാന്‍ നീറ്റ് പാസാകണമെന്നാണ് 2016 മുതല്‍ വ്യവസ്ഥ. പുറത്ത് മെഡിക്കല്‍ പഠനം കഴിഞ്ഞ് വരുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഫോറിന് മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) പാസാകണം. വേണ്ടത്ര യോഗ്യതയില്ലാത്തവര്‍ക്ക് പുറംനാടുകളില്‍ പഠനാവസരം കിട്ടുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിദേശ പഠനത്തിനും നീറ്റ് നിര്‍ബന്ധമാക്കുന്നത്. ഇപ്പോള്‍ പുറംപഠനത്തിന് പോകാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യയില്‍നിന്നുള്ള ‘എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്’ മതി. ഇനി നീറ്റ് പാസാകാതെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) കിട്ടില്ല. ഇക്കൊല്ലം മേയ് ആറിനാണ് നീറ്റ്.
വിദേശത്ത് പഠിച്ച് തിരിച്ചുവരുന്നവര്‍ വിദേശ മെഡിക്കല്‍ ബിരുദക്കാര്‍ക്കുള്ള പരീക്ഷയായ എഫ്.എം.ജി.ഇ എഴുതുേമ്ബാള് പരമാവധി 15 ശതമാനം പേര് മാത്രമാണ് പാസാകുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു. ഇൗ പരീക്ഷ പാസാകാതെത്തന്നെ നിയമവിരുദ്ധമായി പ്രാക്ടീസ് തുടങ്ങുന്ന സംഭവങ്ങളുമുണ്ട്. ഇത് ആപത്കരമാണ്. അതുകൊണ്ട് യോഗ്യരായ കുട്ടികള്‍ മാത്രം വിദേശത്തു പഠിക്കാന്‍ പോയാല്‍ മതി എന്നാണ് തീരുമാനം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്