×

വാഹനപരിശോധനയ്ക്കിടെ നല്ല പെരുമാറ്റം ഉറപ്പുവരുത്താന്‍ പൊലീസുകാര്‍ക്ക് ഇന്ന് അടിയന്തരപരിശീലനം

തിരുവനന്തപുരം: വാഹന പരിശോധനാവേളയിലും മറ്റും നല്ല പെരുമാറ്റം ഉറപ്പുവരുത്താന്‍ എല്ലാ പൊലീസുകാര്‍ക്കും ഇന്ന് ഒരുമണിക്കൂര്‍ അടിയന്തര പ്രായോഗിക പരിശീലനം നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. അടുത്തിടെ വാഹനപരിശോധനയ്ക്കിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.

ശരിയായ വാഹന പരിശോധനാരീതി സംബന്ധിച്ചും പ്രായോഗിക പരിശീലനം നല്‍കണം.

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പരിശീലനം തുടങ്ങും. വാഹനപരിശോധനാവേളയില്‍ ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍ സംബന്ധിച്ച് നിലവിലുള്ള സര്‍ക്കുലറുകള്‍ പരിചയപ്പെടുത്തും. ഹെല്‍മറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, കാറുകളുടെ അതിവേഗം എന്നിവ കണ്ടെത്തുന്ന സന്ദര്‍ഭങ്ങളില്‍ പൊലീസുകാര്‍ ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കും. വാഹനയാത്രക്കാരുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങളെ കൈകാര്യം ചെയ്യേണ്ടരീതികളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍, ട്രാഫിക് പൊലീസുകാര്‍, ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് നിര്‍ബന്ധമായും പരിശീലനം നല്‍കണം. പരിശീലനം തുടര്‍ന്നും നല്‍കണം.

ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസുകാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് ബെഹ്‌റ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ത്ത് പ്രശ്‌നം ചര്‍ച്ചചെയ്യും. വാഹന പരിശോധനയിലെ അപാകം പരിശോധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസുകാര്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. സ്വഭാവവൈകല്യമുള്ള പൊലീസുകാര്‍ സേനയ്ക്ക് ചേര്‍ന്നതല്ലെന്നും ബെഹ്‌റ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top