×

ലാവ്ലിന്‍ കേസ്: സിബിഐയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി: എസ്‌എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസുമാരായ എന്‍വി രമണ, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവലിന്‍ കേസ് പരിഗണിക്കുന്നത്.

കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്‌ഇബി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ അപ്പീലുകളും കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന്‍ നല്‍കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

എസ്‌എന്‍സി ലാവ്ലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ മൂന്ന് വാള്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പ്രതിപ്പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. ലാവ്ലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ ഇവര്‍ മൂന്ന് പേരും പങ്കാളികളാണ്. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. വിചാരണ ഘട്ടത്തില്‍ മാത്രമേ ഈ തെളിവുകള്‍ പരിശോധിക്കേണ്ടതുള്ളു. ലാവലിന്‍ ഇടപാടില്‍ ഹൈകോടതി വിചാരണ നേരിടാന്‍ നിര്‍ദേശിച്ച കെജി രാജശേഖരന്‍, ആര്‍ ശിവദാസന്‍, കസ്തുരിരംഗ അയ്യര്‍ എന്നീ കെഎസ്‌ഇബി ജീവനക്കാരുടെ പങ്ക് മറ്റ് പ്രതികളുടെ പങ്കാളിത്തത്തില്‍ നിന്ന് വേറിട്ട് കാണാന്‍ പാടില്ലെന്നുമാണ് സിബിഐ വാദം.

പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും. ചില വ്യക്തികളെ തെരഞ്ഞ് പിടിച്ച്‌ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തയെന്ന ഹൈക്കോടതി വാദം തെറ്റാണ്. ആര്‍ക്കൊക്കെ എതിരെ തെളിവുകളുണ്ടോ അവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top