×

ലാലു പ്രസാദ് യാദവിന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അഞ്ച് ദിവസത്തെ പരോള്‍

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു. മകന്‍ തേജ്പ്രതാപ് യാദവിന്റെ വിവാഹത്തിന് പരോള്‍ നല്‍കണം എന്നാവശ്യപ്പെട്ട് ലാലു പ്രസാദ് യാദവ് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് പരോള്‍ ലഭിച്ചത്.

മെയ് 12 നാണ് തേജ്പ്രതാപിന്റെ വിവാഹം. മുന്‍ മന്ത്രികൂടിയായ തേജ്പ്രതാപ്, ഐശ്വര്യ എന്ന പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കുന്നത്. മെയ് 10 മുതല്‍ 14 വരെയാണ് ലാലുവിന് പരോള്‍ ലഭിച്ചിരിക്കുന്നത്.

കേസില്‍ ശിക്ഷ വിധിച്ച്‌ ജയില്‍ കഴിഞ്ഞിരുന്ന ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ മെയ് ഒന്നിനാണ് റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും പ്രവേശിപ്പിച്ചിരുന്നു.

കാലിത്തീറ്റകുഭകോണത്തിലെ നാലാം കേസിലും ലാലു പ്രസാദ് യാദവിന് ഏഴുവര്‍ഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 സെപ്തംബര്‍ 30 നായിരുന്നു കാലിത്തീറ്റ അഴിമതിയിലെ ആദ്യകേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചത്. 2017 ഡിസംബര്‍ 23 നാണ് രണ്ടാമത്ത കേസില്‍ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ ലാലു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ജനുവരി ആറിന് മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 1992-93 കാലയളവില്‍ കാലിത്തീറ്റ വിതരണത്തിനെന്ന പേരില്‍ ചൈബാസ ട്രഷറിയില്‍ നിന്നും 34 കോടി രൂപ പിന്‍വലിച്ച കേസിലാണ് മൂന്നാമത്തെ വിധി വന്നത്. 7.10 ലക്ഷം രൂപ വേണ്ടിടത്തായിരുന്നു 34 കോടിരൂപ പിന്‍വലിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top