×

മുത്വലാഖ് ജാമ്യമില്ലാ കുറ്റമാക്കി കരട് നിയമം; കരട് സംബന്ധിച്ച്‌ മറുപടി കേന്ദ്രം ആരാഞ്ഞു.

ന്യൂഡല്‍ഹി: മൂന്നുവിവാഹമോചനവും ഒന്നിച്ചുചൊല്ലുന്ന സംവിധാനം (മുത്വലാഖ്) സുപ്രിംകോടതി അസാധുവാക്കിയതോടെ അപ്രകാരംചെയ്യുന്നവരെ കര്‍ശനമായി ശിക്ഷിക്കാനുള്ള നിയമത്തിന്റെ കരട് തയാറായി.

നിയമംലഘിച്ച്‌ മുത്വലാഖ് മുഖേന ഭാര്യയെ മൊഴിചൊല്ലുന്നത് ജാമ്യമില്ലാ കുറ്റമെന്നാണ് കരടില്‍ പറയുന്നത്.

കുറ്റക്കാര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴശിക്ഷയും കരട് നിയമം അനുശാസിക്കുന്നുണ്ട്. ഷാബാനു നിയമം എന്നറിയപ്പെടുന്ന 1986ലെ മുസ്ലിം സ്ത്രീ (വിവാഹമോചനത്തില്‍ നിന്നുള്ള അവകാശ സംരക്ഷണം) നിയമം ഭേദഗതിചെയ്താണ് കരട് തയാറാക്കിയിരിക്കുന്നത്.

ഇതുപ്രകാരം മുത്വലാഖ് മുഖേന മൊഴിചൊല്ലപ്പെടുന്ന സ്ത്രീകള്‍ക്ക് കോടതിയെ സമീപ്പിക്കാവുന്നതാണ്. ഭര്‍ത്താവില്‍നിന്നു തനിക്ക് ഉപജീവനമാര്‍ഗവും ആവശ്യപ്പെടാനും സ്ത്രീക്ക് അവകാശമുണ്ട്. ജോലിലഭ്യമായിട്ടില്ലാത്തവരോ പ്രായപൂര്‍ത്തിയെത്താത്തവരോ ആയ മക്കളുണ്ടെങ്കില്‍ അവരുടെ ചെലവിലേക്കുള്ള തുകയും ഭര്‍ത്താവില്‍ നിന്ന് ആവശ്യപ്പെടാനും സ്ത്രീക്കു കരട് നിയമം അനുവാദംനല്‍കുന്നുണ്ട്. കരട് ബില്ല് ഈ മാസം 15നു തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

പെട്ടെന്ന് ഭാര്യയെ മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലുന്നു എന്നു നേരിട്ടോ എഴുത്തിലൂടെയോ ഇലക്‌ട്രോണിക് സംവിധാനം ഉള്‍പ്പെടെയുള്ള മാധ്യമം മുഖേനയോ അറിയിക്കുന്നതെല്ലാം സുപ്രിംകോടതി അസാധുവാക്കിയിട്ടുണ്ടെന്നും കരട് വിശദീകരിക്കുന്നു.

മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമാസ്വരാജ്, അരുണ്‍ജെയ്റ്റ്ലി, രവിശങ്കര്‍ പ്രസാദ് എന്നിവരടങ്ങുന്ന മന്ത്രിസഭാഉപസമിതിയാണ് കരടിന് രൂപം നല്‍കിയത്. സുപ്രിംകോടതി വിലക്കിയെങ്കിലും മുത്വലാഖ് വീണ്ടും തുടരാനുള്ള സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അത് ക്രിമിനല്‍ കുറ്റമായി കണ്ട് കടുത്ത ശിക്ഷ കൊണ്ടുവരുന്നതെന്നാണ് കരട് സംബന്ധിച്ച്‌ ഉന്നതവൃത്തങ്ങളുടെ പ്രതികരണം.

കരട് രൂപം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. അതതുസര്‍ക്കാരുകളോട് കരട് സംബന്ധിച്ച്‌ മറുപടിയും കേന്ദ്രം ആരാഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top