×

മലയാള മനോരമ ഹൈക്കോടതിയില്‍ പോയി മാധ്യമ വിലക്ക്‌ മാറ്റി ! നടപടി ഭരണഘടനാ വിരുദ്ധ

കൊച്ചി:ചവറ എംഎ‍ല്‍എ. എന്‍.വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ കേസുമായി ബന്ധപ്പെട്ട കരുനാഗപ്പള്ളി സബ് കോടതിയുടെ താത്കാലിക ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. മലയാള മനോരമ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി കേസിലെ സ്റ്റേ നീക്കിയത്. നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി.

കീഴ്കോടതി വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, ശ്രീജിത്തിനും രാഖുല്‍ കൃഷ്ണക്കും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി സ്റ്റേ നിലനില്‍ക്കും. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് നടപടിയെന്നും ഇല്ലാത്ത അധികാരമാണ് കീഴ് കോടതി ഉപയോഗിച്ചതെന്നും ചൂണ്ടിക്കാട്ടി മലയാള മനോരമ ചീഫ് എഡിറ്റര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്നതാണ് കീഴ്കോടതി വിധിയെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

വി.ശ്രീജിത്തുമായി ബന്ധപ്പെട്ട് ചവറ പൊലീസ് സ്റ്റേഷനിലും മാവേലിക്കര കോടതിയിലും നിലനില്‍ക്കുന്ന കേസില്‍ ഒരുവിധ ചര്‍ച്ചയോ റിപ്പോര്‍ട്ടിങ്ങോ പ്രസ്താവനകളോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാടില്ലെന്നായിരുന്നു കരുനാഗപ്പള്ളി സബ് കോടതിയുടെ താത്കാലിക ഉത്തരവ്. രാകുല്‍കൃഷ്ണയെ ഒന്നാം എതിര്‍കക്ഷിയാക്കി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മറുനാടന്‍ അടക്കം ഒമ്ബത് മാധ്യമങ്ങള്‍ക്കാണ് വാര്‍ത്താ വിലക്ക് ഏര്‍പ്പെടുത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ച്‌ ദുബൈ ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി തിരുവനന്തപുരം പ്രസ് ക്ലബിന് കത്തു നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് തനിക്കെതിരായ വാര്‍ത്ത വിലക്കണമെന്ന് ചൂണ്ടിക്കാട്ടി വിജയന്‍പിള്ള എംഎ‍ല്‍എയുടെ മകന്‍ ശ്രീജിത്ത് കരുനാഗപ്പള്ളി സബ്കോടതിയില്‍ ഹരജി നല്‍കിയത്. അനുകൂല വിധിയും നേടി.

തനിക്കെതിരായ വാര്‍ത്തകള്‍, പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് ഒരു കൂട്ടം മാധ്യമങ്ങളെ വിലക്കണമെന്നായിരുന്നു ശ്രീജിത്തിന്റെ ഹരജിയിലെ ആവശ്യം. തുടര്‍ന്നാണ് മാധ്യമങ്ങളെ വിലക്കി സബ്കോടതി ഉത്തരവിച്ചത്. വിലക്കിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മര്‍സൂഖി റദ്ദാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top