×

മധുവിന്റെ കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

അഗളി: അട്ടപ്പാടി മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ആദിവാസി യുവാവ് മധു(30)വിനെ ആള്‍ക്കൂട്ടവിചാരണ നടത്തി മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ 16 പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. മാര്‍ച്ച്‌ ഒമ്ബതു വരെയാണു റിമാന്‍ഡ്.
ഇന്നലെ ഉച്ചയോടെ കനത്ത സുരക്ഷയില്‍ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയിലെത്തിച്ച പ്രതികളെ അര മണിക്കൂര്‍ നീണ്ട നടപടികള്‍ക്കുശേഷം പാലക്കാട് സ്പെഷല്‍ സബ് ജയിലിലേക്കു മാറ്റി. ഇവരെ തെളിവെടുപ്പിനായി വിട്ടുകിട്ടുന്നതിനു പോലീസ് കോടതിയെ സമീപിക്കും. വിശപ്പടക്കാന്‍ അല്‍പ്പം അരി മോഷ്ടിച്ചെന്ന കുറ്റം ചുമത്തി മധുവിനെ മരണത്തോളം മര്‍ദിച്ചവര്‍ക്കെതിരേയുള്ള ജനരോഷം അല്‍പ്പം അടങ്ങിയതിനു ശേഷമേ തെളിവെടുപ്പിനായി കൊണ്ടുപോകൂ എന്നാണു പോലീസ് നല്‍കുന്ന സൂചന.വനമേഖലയില്‍ മധു താമസിക്കുന്നത് എവിടെയെന്നു കാട്ടിക്കൊടുത്തതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ട്. കൊലക്കുറ്റത്തിനു പിടിയിലായ പ്രതികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ മൊഴി നല്‍കിയെന്നാണു വിവരം. എന്നാല്‍, ആരോപണവിധേയരായ രണ്ടു പേരും ജീവനക്കാരല്ലെന്ന് വനംവകുപ്പ് പറയുന്നു. ഇവരെയും പിടികൂടണമെന്ന് ഇന്നലെ ഊരിലെത്തിയ മന്ത്രി എ.കെ. ബാലനോട് മധുവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കേസില്‍ സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. അന്വേഷണത്തിനായി ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ നന്ദകുമാര്‍ സായിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു പാലക്കാട്ടെത്തുന്നുണ്ട്. ഇവര്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെ കാണും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top