×

പ്രസംഗം പ്രതിപക്ഷം തടഞ്ഞു ………….തുടങ്ങി വച്ച പ്രസംഗം ഫേസ്ബുക്ക് ലൈവിലുടെ പറഞ്ഞ് തീർത്ത് സച്ചിൻ

മുംബയ്: പ്രതിപക്ഷം തടഞ്ഞ രാജ്യസഭയിലെ ആദ്യപ്രസംഗം ഫെയ്സ്ബുക്കിലൂടെ പൂര്‍ത്തിയാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നാല് വര്‍ഷത്തിനിടെ ആദ്യമായി സഭയില്‍ സംസാരിക്കാന്‍ സച്ചിന്‍ തയ്യാറായെങ്കിലും പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പാക് പരമാര്‍ശത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിപക്ഷ അംഗങ്ങളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെവി കൊണ്ടില്ല. ഇതിനെ തുടര്‍ന്നാണ് തനിക്ക് പറയാനുള്ളത് ഫെയ്സ്ബുക്ക് ലെെവിലൂടെ സച്ചിന്‍ അറിയിച്ചത്.

സച്ചിന്റെ വാക്കുകളിലൂടെ
‘കളികള്‍ ഇഷ്ടപ്പെടുന്ന രാജ്യം എന്ന നിലയില്‍ നിന്നു കളിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക എന്നതാണ് ആഗ്രഹം. ശാരീരികക്ഷമതയ്ക്ക് പ്രഥമ പരിഗണന കൊടുക്കണം. യൗവ്വനവും വികസനവുമുള്ള രാജ്യമെന്ന നിലയ്ക്ക് ഫിറ്റ്നസ് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും കായിക ഇനത്തില്‍ സജീവമാകുന്നത് ഈ ലക്ഷ്യം നേടാന്‍ സഹായിക്കും. ഇതാണ് എന്റെ സ്വപ്നം. ഇത് നമ്മുടെ ഏവരുടെയും സ്വപ്നമാകണം. ഓര്‍ക്കുക, സ്വപ്നങ്ങളാണ് യാഥാര്‍ഥ്യമാകുക. ജയ് ഹിന്ദ് സച്ചിന്‍ പറഞ്ഞു. വിഡിയോയുടെ മുഖവുരയായും ഈ വാചകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

‘ഞാന്‍ സ്പോര്‍ട്സ് ഇഷ്ടപ്പെടുന്നു. ക്രിക്കറ്റായിരുന്നു എന്റെ ജീവിതം. എന്റെ പിതാവ് പ്രഫ. ഉമേഷ് തെന്‍ഡുല്‍ക്കര്‍ സാഹിത്യകാരനായിരുന്നു. എന്തുവേണമെങ്കിലും ജീവിതത്തില്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹം സ്വാതന്ത്ര്യവും പിന്തുണയും നല്‍കി. കളിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്മാനം. അത് കളിക്കാനുള്ള അവകാശം കൂടിയായിരുന്നു. ആരോഗ്യമുള്ള ഇന്ത്യയാണ് എന്റെ ലക്ഷ്യം. ലോകത്തില്‍ പ്രമേഹത്തിന്റെ തലസ്ഥാനമാണ് ഇന്ത്യ. 75 ദശലക്ഷം പേരാണ് പ്രമേഹത്തോടു മല്ലിടുന്നത്.

‘അമിതവണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാമതാണ് നമ്മള്‍. ഇതുപോലുള്ള രോഗങ്ങളെ തുടര്‍ന്നുള്ള സാമ്ബത്തിക ബാധ്യത രാജ്യത്തിന്റെ പുരോഗതിക്കു തടസമാണ്. പലപ്പോഴും ഭക്ഷണത്തിനു മുന്നില്‍ നമ്മള്‍ കായികക്ഷമതയെ ഒഴിവാക്കുന്നു. ഈ ശീലം മാറണം. നമ്മളില്‍ കൂടുതല്‍പേരും ഇതെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ യാഥാര്‍ത്ഥ്യത്തോടടുക്കുമ്ബോള്‍ ഒന്നും ചെയ്യുന്നില്ല. രാജ്യത്തെ കായിക സംസ്കാരം കൂടുതലാളുകളെ ഉള്‍ക്കൊള്ളിച്ച്‌ സജീവമാക്കി വികസിപ്പിക്കേണ്ടതുണ്ട്.

‘വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച കായിക സംസ്കാരമുണ്ട്. ജനസംഖ്യയുടെ നാല് ശതമാനമേ ഉള്ളൂവെങ്കിലും അവരുടെ കായിക താല്‍പര്യം ആകര്‍ഷകമാണ്. ബോക്സിംഗ് താരം മേരി കോം, ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ, മിരാഭായ് ചാനു, ദീപ കര്‍മാകര്‍ ഉള്‍പ്പെടെ എത്രയോ കായിക താരങ്ങളെ അവര്‍ സംഭാവന ചെയ്തിരിക്കുന്നു’- 15.30 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സച്ചിന്‍ വിശദീകരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top