×

പിണറായിയുടെ ടി വി ഷോ; ആദ്യ എപ്പിസോഡ് പുതുവര്‍ഷത്തലേന്ന്

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുന്ന പ്രതിവാര ടെലിവിഷന്‍ പരിപാടി തുടങ്ങുന്ന തീയതി തീരുമാനിച്ചു. ഡിസംബര്‍ 31 ഞായര്‍. ഭരണപരമായ സംശയങ്ങള്‍ക്കു വിവിധ രംഗങ്ങളിലെ പ്രമുഖര്‍ക്കു മുഖ്യമന്ത്രി നേരിട്ടു മറുപടി നല്‍കുന്ന പരിപാടിയുടെ ആദ്യ എപ്പിസോഡ് പുതുവര്‍ഷത്തലേന്ന് സംപ്രേഷണം ചെയ്യാനാണ് തീരുമാനം. ദൂരദര്‍ശര്‍ശിലും പ്രമുഖ സ്വകാര്യ ചാനലുകളിലും വൈകിട്ട് ഏഴര മുതല്‍ എട്ട് വരെയാണ് പരിപാടി.

വിവര പൊതുജന സമ്ബര്‍ക്ക വകുപ്പും സി ഡിറ്റും ചേര്‍ന്നു തയ്യാറാക്കുന്ന പരിപാടിയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുതുവര്‍ഷത്തെ പ്രതീക്ഷിച്ചിരിക്കുന്ന ആളുകളുടെയും അതുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ കാണുന്ന പ്രേക്ഷകരുടെയും എണ്ണം സാധാരണ ദിവസങ്ങളേക്കാള്‍ കൂടുതലാണ്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് സ്വാഭാവികമായും പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തെ അന്ന് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ചാനലുകള്‍ക്ക് സര്‍ക്കാര്‍ വന്‍തുക നല്‍കിയാണ് പ്രൈം ടൈം തന്നെ വാങ്ങിയിരിക്കുന്നത്. സിപിഎം നിയമസഭാ സാമാജികര്‍ കൂടിയായ മുന്‍ ചാനല്‍ അവതാരക വീണാ ജോര്‍ജ്ജും നടനും ടി വി അവതാരകനുമായ മുകേഷുമാണ് മുഖ്യമന്ത്രിയുടെ പരിപാടിയുടെയും അവതാരകര്‍. എന്നാല്‍ എല്ലാ എപ്പിസോഡുകളിലും ഇവര്‍ ഒന്നിച്ചുണ്ടാകില്ല.

അതിനിടെ, പ്രമുഖ സ്വകാര്യ ടി വി ചാനല്‍ മനോര ന്യൂസ് മുഖ്യമന്ത്രിയുടെ പരിപാടി സംപ്രേഷണം ചെയ്യില്ല എന്നാണ് വിവരം. ഇത് അവര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മറ്റു പ്രധാന ചാനലുകളില്‍ നിന്നു വ്യത്യസ്ഥമായി മനോരമ ന്യൂസ് നിര്‍മിച്ചതല്ലാത്ത പരിപാടി അവതരിപ്പിക്കുന്നത് ചാനലിന്റെ നയത്തിനു വിരുദ്ധമായതിനാലാണത്രേ ഈ തീരുമാനം. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പാണ് കാരണമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുളളതെന്ന് അറിയുന്നു. സാധാരണഗതിയില്‍ വിവര സമ്ബര്‍ക്ക വകുപ്പ് പരസ്യം നല്‍കുന്ന മാതൃകയില്‍ അങ്ങോട്ട് പണം നല്‍കുന്ന സര്‍ക്കാര്‍ വക പരിപാടികളും ഡോക്യുമെന്ററികളും മറ്റും ചാനലുകള്‍ സംപ്രേഷണം ചെയ്യാറുണ്ട്.

എന്നാല്‍ തങ്ങളുടെ അവതാരകരെ വച്ച്‌ തങ്ങള്‍ നിര്‍മിച്ച പരിപാടികള്‍ മാത്രമേ സംപ്രേഷണം ചെയ്യുകയുള്ളുവെന്നാണ് മനോരമയുടെ നയം. പുറത്തുനിന്ന്, മറ്റ് അവതാരകരെ വച്ച്‌ നിര്‍മിച്ച പരിപാടി എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പരിപാടിയെ അവര്‍ കാണുന്നത്. അതിനെ സാധാരണ പരസ്യങ്ങള്‍ പോലെ കാണാനാകില്ലെന്നും മനോരമ ന്യൂസ് വിവര ജനസമ്ബര്‍ക്ക വകുപ്പിനെ അറിയിച്ചതായാണ് സൂചന. ദുരദര്‍ശനു പുറമേ പരിപാടി അവതരിപ്പിക്കുന്ന മറ്റു ചാനലുകളിലെല്ലാം ഒരേ സമയത്താണോ സംപ്രേഷണം ചെയ്യുന്നതെന്ന് വ്യക്തമല്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top