പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ;നിലപാട് വ്യക്തമാക്കി വി.ടി. ബല്‍റാം എംഎല്‍എ.
എകെജിയുടെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ക്ക് വേണമെങ്കില്‍ വാശിപിടിക്കാം എന്നാല്‍ താന്‍ പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന് വി.ടി. ബല്‍റാം എംഎല്‍എ. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ലെന്നും പറഞ്ഞു.
ബാലപീഡകന്‍ എന്ന നിലയില്‍ എകെജിയെക്കുറിച്ച് കഴിഞ്ഞദിവസം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന് വി ടി ബല്‍റാം എംഎല്‍എ യ്ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നതോടെയാണ് വിശദീകരണക്കുറിപ്പുമായി എംഎല്‍എ വീണ്ടും വന്നത്. എകെജി പലര്‍ക്കും വിഗ്രഹമായിരിക്കാം. പൊതു പ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് മതിപ്പുമുണ്ട്. എന്ന് വെച്ച് പബ്ലിക് ഡൊമെയ്നുകളില്‍ കിട്ടുന്ന വിവരം ആവര്‍ത്തിക്കരുത് എന്ന് ശഠിക്കരുതെന്നും ബല്‍റാം തന്റെ വിശദീകരണ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദി ഹിന്ദു ദിനപത്രത്തിലെ ലേഖനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മറുപടി. വിവാഹ സമയത്ത് സുശീല ഗോപാലന്റെ പ്രായം 22 ആയിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ പത്ത് വര്‍ഷത്തോളം നീണ്ട പ്രണയത്തില്‍ അവര്‍ക്ക് എത്ര വയസ് ഉണ്ടാകുമെന്ന് കണക്കാക്കാവുന്നതേയുളളു എന്നാണ് വാദം. എകെജിയെ ആക്ഷേപിച്ച എംഎല്‍എ മാപ്പ് പറയണമെന്നു സമൂഹമാധ്യമത്തില്‍ ആവശ്യം ഉയരുകയും തൃത്താലയിലെ ഓഫിസിനു മുന്നില്‍ മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വിടി ബല്‍റാം എംഎല്‍എ വിശദീകണക്കുറിപ്പ് ഇട്ടത്.
പോസ്റ്റ് ഇങ്ങിനെ…
ആദ്യത്തേത് “പോരാട്ടകാലങ്ങളിലെ പ്രണയം” എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്ത. “ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്” എകെ ഗോപാലന്‍ എന്ന മധ്യവയസ്കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എകെജി ഒളിവില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.
രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങള്‍ സാക്ഷാല്‍ എകെ ഗോപാലന്റെ ആത്മകഥയില്‍ നിന്ന്. ഒളിവില്‍ കഴിയുന്ന കാലത്ത് അഭയം നല്‍കിയ വീട്ടിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളില്‍ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്.
ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാര്‍ദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലില്‍ നിന്ന് പുറത്തുകടന്നാലുടന്‍ വിവാഹിതരാകാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ ജയില്‍മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന ‘മമത’യും ആത്മകഥയില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം.
എകെജി പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല.
#പറയേണ്ടത്_പറഞ്ഞിട്ടേ_പോകുന്നുള്ളൂ
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്