×

പരസ്യചിത്രത്തിലെ അഭിനയം ഒരു ബാധ്യതയാണ്- ലെന

നിരവധി സീരിയലുകള്‍, സിനിമകള്‍, സിനിമയില്‍ നായികയും ഉപനായികയും. അവര്‍ക്കൊപ്പമോ അതിലും ആഴത്തിലോ പ്രേക്ഷകമനസ്സില്‍ നില്‍ക്കുന്ന ഇതര കഥാപാത്രങ്ങള്‍. അതിഥിവേഷങ്ങള്‍.

ഇതിനൊക്കെ ലെന എന്ന നടിയെ പ്രാപ്തയാക്കുന്നത് ഏതു കഥാപാത്രത്തിന്‍റെ രൂപഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ അനുയോജ്യമായ ശരീരഘടനയും അഭിനയമികവുമാണ്. ഈ സവിശേഷതയുള്ള നടികള്‍ മലയാളത്തില്‍ ചുരുക്കമാണ്.

ആ ചുരുക്കപ്പട്ടികയില്‍ ലെനയുടെ സ്ഥാനം ഒന്നാമതു തന്നെ. അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നത് ഇതൊക്കെയാണ്.

ട്രാഫിക്കിലെ സൂപ്പര്‍ സ്റ്റാറിന്‍റെ ഭാര്യയും അമ്മയുമായ ശ്രുതി, സ്പിരിറ്റിലെ എ.എസ്.പി. സുപ്രിയ രാഘവന്‍, ഡേവിഡ് ആന്‍റ് ഗോലിയാത്തിലെ മദ്യപാനി ജൈനമ്മ, വെള്ളിമൂങ്ങയിലെ മോളി, എന്നു നിന്‍റെ മൊയ്തീനിലെ പാത്തുമ്മ.

കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത സിനിമയുടെ കോഴിക്കോട്ടെ ലൊക്കേഷനില്‍ വച്ച്‌ ലെനയെ കണ്ടു. സാരിയും ബ്ലൗസുമായിരുന്നു വേഷം. അപ്പോള്‍ തനി നാട്ടിന്‍പുറത്തുകാരി. കഥാപാത്രത്തിന്‍റെ പേര് താര. അല്‍പ്പം പേരുദോഷം ആരോപിക്കപ്പെടുന്ന കഥാപാത്രം.

അഭിനയിക്കാന്‍ സമ്മതിക്കുന്പോള്‍ എന്തു മാനദണ്ഡമാണ് അടിസ്ഥാനമാക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ലെന പറഞ്ഞു- എനിക്കെന്തെങ്കിലും ചെയ്യാനുണ്ടാവുമെന്ന വിശ്വാസമാണ് അവയൊക്കെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഒരു നല്ല കഥയുടെ ഭാഗമാവുക, പ്രശസ്തരായ നടീനടന്മാര്‍ക്കൊപ്പം അല്ലെങ്കില്‍ സംവിധായകനൊപ്പം ജോലി ചെയ്യാന്‍ കഴിയുക എന്നതൊക്കെ എന്‍റെ താല്പര്യമാണ്.

1998-ല്‍ ജയരാജിന്‍റെ സ്നേഹം എന്ന സിനിമയില്‍ അമ്മു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്കെത്തിയ ലെന പിന്നത്തെ കൊല്ലം അതേ സംവിധായകന്‍റെ കരുണത്തിലും അഭിനയിച്ചു. തുടര്‍ന്ന് എട്ടു ചിത്രങ്ങള്‍.

2001-ല്‍ ലാല്‍ജോസിന്‍റെ രണ്ടാംഭാവം എന്ന ചിത്രത്തിലൂടെയാണ് നായികയായത്.

അതിനുശേഷം സിനിമയില്‍ ഒരു ഇടവേളയുണ്ടായി. അക്കാലത്ത് വിവിധ ചാനലുകളിലായി ഓമനത്തിങ്കള്‍ പക്ഷി, ചില്ലുവിളക്ക്, മാലയോഗം, സത്യമേവ ജയതേ എന്നിങ്ങനെ പത്തു പരന്പരകളില്‍ കുടുംബപ്രേക്ഷകര്‍ ലെനയെ കണ്ടുകൊണ്ടിരുന്നു.

2004-ല്‍ കൂട്ട് എന്ന പടത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് തിരികെയെത്തിയത്. തുടര്‍ന്ന് പൊതുവേ ചെറിയ സിനിമകളും ചെറിയ റോളുകളുമാണ് ലഭിച്ചത്.

അലിഫ്, വൈറ്റ് പെപ്പര്‍, അയാള്‍, ബിഗ്ബി, ദേ ഇങ്ങോട്ടു നോക്കിയേ, ടു ഹരിഹര്‍ നഗര്‍, ഭഗവാന്‍ എന്നിങ്ങനെ. എന്നാല്‍ 2011-ല്‍ ട്രാഫിക് എന്ന സിനിമയിലൂടെ ലെന ഒരു മുന്നേറ്റം തന്നെ നടത്തി.

ഷാജഹാനും പരീക്കുട്ടിയും, കരിങ്കുന്നം സിക്സസ് എന്നിവയില്‍ ഗസ്റ്റ് റോള്‍ സ്വീകരിക്കാന്‍ കാരണം? അതിഥിവേഷം എന്നത് വന്നുപോകുന്ന കഥാപാത്രമായിരിക്കില്ല. രണ്ടോ, മൂന്നോ സീനുകളില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാലും അത് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കും.

സംസ്ഥാന ചലച്ചിത്ര, ടെലിവിഷന്‍ പുരസ്കാരങ്ങള്‍, സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡ്, അമൃത ഫിലിം അവാര്‍ഡ് എന്നിങ്ങനെ അംഗീകാരങ്ങള്‍ നിരവധി ലഭിച്ചിട്ടുണ്ട് ലെനയ്ക്ക്.

തെലുങ്കിലും അഭിനയിച്ചല്ലോ? ഒരു പടം ചെയ്തു. അടുത്തുതന്നെ റിലീസാകും. ഡോ. ചക്രവര്‍ത്തി എന്നാണ് പേര്. അതില്‍ ചക്രവര്‍ത്തിയുടെ ഭാര്യ വന്ദനയുടെ വേഷമായിരുന്നു എനിക്ക്. ഇക്കൊല്ലം അവസാനം അടുത്ത തെലുങ്ക് പടം തുടങ്ങും.

തെലുങ്ക് ഭാഷ പ്രതിസന്ധിയുണ്ടാക്കിയോ? എന്നെ സംബന്ധിച്ച്‌ അതൊരു പ്രശ്നമായി തോന്നിയില്ല. മലയാളം പറയുന്നവര്‍ക്ക് ഏതു ഭാഷയും വഴങ്ങും.

ലെന പരസ്യത്തില്‍ അഭിനയിക്കുന്നുണ്ടല്ലോ. ആ സ്ഥാപനത്തിന്‍റെ അല്ലെങ്കില്‍ ഉല്പന്നത്തിന്‍റെ വിശ്വാസ്യതയും ആധികാരികതയും ഉറപ്പുനല്‍കാന്‍ കഴിയുമോ?

ഞാന്‍ കെ.എസ്.എഫ്.ഇ.യുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു. അതൊരു ഗവണ്‍മെന്‍റ് സ്ഥാപനമാണല്ലോ. ആ ഉറപ്പിലാണ് ചെയ്തത്.

ഒരു പ്രോഡക്ടിനു വേണ്ടിയാണെങ്കില്‍ ഉപയോഗിച്ചു മനസിലാക്കിയ ശേഷം അഭിനയിക്കുക എന്നത് പ്രായോഗികമല്ല. കാരണം പലപ്പോഴും ഉല്പന്നം മാര്‍ക്കറ്റിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായാണ് പരസ്യചിത്രമുണ്ടാകുന്നത്. ഉപയോഗിച്ച്‌ അറിഞ്ഞ ശേഷം അഭിനയിക്കാം എന്നു പറയുന്നത് നടക്കില്ല.

ഇപ്പോള്‍ കരാറില്‍ ചില വ്യവസ്ഥകളുണ്ട്. പറയുന്ന ഗുണനിലവാരം വസ്തുതാ വിരുദ്ധമാണെങ്കില്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിര്‍മ്മാതാവിനായിരിക്കും എന്ന്.

എന്നാലും നിങ്ങള്‍ പറഞ്ഞിട്ടല്ലേ ഞങ്ങള്‍ വാങ്ങിയത് എന്ന് ഉപഭോക്താവ് ചോദിച്ചാല്‍ മറുപടിയില്ല.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദമുള്ള ലെന കൂട്ടുകാരി ലൂയിസയുമായി ചേര്‍ന്ന് കോഴിക്കോട് ചേവായൂരില്‍ സ്ത്രീകള്‍ക്കായി ഒരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്.

ഫിസിയോ തെറാപ്പി അടിസ്ഥാനമാക്കിയുള്ള സ്ലിമ്മിംഗ് ക്ലിനിക്ക്. അടുത്തുതന്നെ എറണാകുളത്തും ആരംഭിക്കും. ഇപ്പോള്‍ അഭിനയിച്ചുവരുന്ന സിനിമകള്‍?

ഒരു മുത്തശ്ശിക്കഥ, ഷാജഹാനും പരീക്കുട്ടിയും കവി ഉദ്ദേശിച്ചത് എന്നിവയാണ് റിലീസ് ചെയ്യാനുള്ളത്. ആഗസ്റ്റില്‍ ആരംഭിക്കുന്ന ശ്രീനിയേട്ടന്‍റെ പ്രോജക്ടാണ് അടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top