നിലവാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: നിലവാരമില്ലെന്ന് കണ്ടെത്തിയ 1,555 സ്കൂളുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ അണ്‍ എയ്ഡഡ് സ്കൂളുകള്‍ അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ നടപടിമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെഎന്‍എ ഖാദര്‍ എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
എന്നാല്‍ തത്വദീക്ഷയില്ലാതെ സ്കൂളുകള്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാരിന് അധികഭാരം വരുത്തി വെയ്ക്കുമെന്നും 25,000 ത്തിലധികം അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ടു നിയമനം നല്‍കേണ്ടി വരുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
എന്നാല്‍ നടപടി ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണെന്നും വിഷയത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളതെന്നും വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി. മതിയായ സൗകര്യങ്ങളൊരുക്കാതെ നാമമാത്രമായി അധ്യാപകര്‍ക്ക് ശമ്ബളം നല്‍കി അമിത ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇപ്പോള്‍ നടന്ന് പോകാവുന്ന ദൂരത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ടായിട്ടും അനിയന്ത്രിതമായി സ്വകാര്യ സ്കൂളുകള്‍ തുറക്കുകയാണ്. അടച്ചുപൂട്ടലിനെതിരെ ചില സ്കൂളുകള്‍ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ പൂട്ടിയതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്