×

നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: നിയമസഭയുടെ സമ്ബൂര്‍ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 24 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ബജറ്റ് ചര്‍ച്ചകളും നിയമനിര്‍മ്മാണവും നടത്തും. ശുഹൈബ് വധവും അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും കത്തിനില്‍ക്കുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധങ്ങളാണ് ഈ രണ്ട് വിഷയങ്ങളും.

തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭരണപക്ഷത്തെ ആക്രമിക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക. മട്ടന്നൂര്‍ ശുഹൈബ് വധത്തില്‍ നിയമസഭയില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ശുഹൈബ് വധം സിബിഐയെ ക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ നേതാക്കള്‍ സമരം നടത്തിവരികയാണ്. കണ്ണൂരില്‍ കെ സുധാകരന്റെ നിരാഹാരസമരം എട്ടാംദിവസത്തിലേക്ക് കടന്നു. അതിനാല്‍ തന്നെ തുടക്കം മുതല്‍ വിഷയം ഉയര്‍ത്തിക്കാട്ടി സഭയെ പ്രക്ഷുബ്ധമാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം.

അതേസമയം ഷുഹൈബ് വധക്കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. തില്ലങ്കേരി സ്വദേശി ജിതിന്‍ ആണ് പിടിയിലായത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് ഇതെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേസില്‍ ആറു പേര്‍ അറസ്റ്റിലായി. പിടിയിലായവരെല്ലാം തന്നെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കിടക്കുന്നവരാണ് എന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

മധുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന വിഷയങ്ങളും, ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും. ബിനോയ് കോടിയേരി കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും വിഷയം പ്രതിപക്ഷം വീണ്ടും എടുത്തിടാനാണ് സാധ്യത. ബജറ്റ് പാസാക്കുന്നതിനും നിയമ നിര്‍മ്മാണത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് ഇന്ന് സഭ ചേരുന്നത്. സമ്മേളനം ഏപ്രില്‍ നാലിന് സമാപിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top