നാഗാലാന്‍ഡിലും മേഘാലയിലും നിയമസഭാ വോട്ടെടുപ്പ് ഇന്ന്
ഷില്ലോംഗ്: എല്ലാ ബൂത്തുകളിലും വിവി പാറ്റ് ഘടിപ്പിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. മേഘാലയില്‍ ഇത്തവണയും പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണ്ണായകമാകും. നാഗാലാന്‍ഡില്‍ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനാണ് മുന്‍തൂക്കം. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍. നേരത്തെ വോട്ടെടുപ്പ് നടന്ന ത്രിപുരയിലും ശനിയാഴ്ചയാണ് ഫലം പുറത്തുവരിക.
മേഘാലയയില്‍ സ്ഥാനാര്‍ത്ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരു സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നീട്ടിവെച്ചിരിക്കുകയാണ്. നാഗാലാന്‍ഡില്‍ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കുപ്പെട്ടു കഴിഞ്ഞു. അതിനാല്‍ തന്നെ 60 അംഗങ്ങള്‍ വീതമുള്ള ഇരുസംസ്ഥാനങ്ങളിലെയും 59 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നാഗാലാന്‍ഡില്‍ പ്രാദേശിക പാര്‍ട്ടിയായ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും, മേഘാലയയില്‍ കോണ്‍ഗ്രസുമാണ് ഭരിക്കുന്നത്. കോണ്‍ഗ്രസിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശക്തമായ തെരഞ്ഞെടുപ്പ് പ്രചരണമാണ് ബിജെപി നടത്തിയതും. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനും ബിജെപിക്കും പ്രദേശിക പാര്‍ട്ടികള്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നാഗാ സമാധാന കരാറാണ് നാഗാലാന്‍ഡിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയം.
മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് പുറമെ, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, ഹില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ഗാരോ നാഷണല്‍ കൗണ്‍സില്‍ എന്നീ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുകെട്ടും രൂപീകരിച്ചിട്ടുണ്ട്. അതേസമയം മേഘാലയയിലെയും നാഗാലാന്‍ഡിലെയും ത്രിപുരയിലെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ പുറത്തുവരും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്