×

‘നാം മുന്നോട്ട്’ ടെലിവിഷന്‍ പരിപാടിയുടെ സംപ്രേഷണം ഡിസംബര്‍ 31 ന് ആരംഭിക്കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാല്‍പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്’ എന്ന ടെലിവിഷന്‍ പരിപാടിയുടെ സംപ്രേഷണം ഡിസംബര്‍ 31 ന് തുടങ്ങും.
എംഎല്‍എയും മുന്‍ മാധ്യമ പ്രവര്‍ത്തകയായ വീണ ജോര്‍ജാണ് പരിപാടിയുടെ അവതാരക. സംവാദ സ്വഭാവമുള്ള പരിപാടിയുടെ ദൈര്‍ഘ്യം അരമണിക്കൂറാണ്. ദുരദര്‍ശന്‍ ഉള്‍പ്പടെ എട്ട് ചാനലുകളിലാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുക. ആദ്യഘട്ടത്തിലെന്ന് വ്യക്തമാക്കിയിട്ടുള്ള ഈ പരിപാടിയില്‍ പ്രധാന ന്യൂസ് ചാനലുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിക്കുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പ്രതിവാര സംവാദ പരിപാടിയുടെ നിര്‍മാണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. സി ഡിറ്റ് സാങ്കേതിക സഹായം നല്‍കുന്നു. ആറന്മുള എംഎല്‍എ വീണ ജോര്‍ജ് അവതാരകയാകും. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളിയാകും.ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയോട് സംസാരിക്കാം എന്ന ഫോണ്‍ ഇന്‍ പരിപാടി നടത്തിയിരുന്നു. ഏറെ ജനപ്രീതിയാകര്‍ഷിച്ച പരിപാടിയായിരുന്നു അക്കാലത്തെ ഈ ഫോണ്‍ ഇന്‍ പരിപാടി. മാധ്യമങ്ങളുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു നായനാര്‍. എന്നാല്‍ മാധ്യമങ്ങളുമായുളള ബന്ധത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നേതാവാണ് പിണറായി വിജയന്‍. അദ്ദേഹം ഇത്തരം ഒരു പരിപാടിയുമായി രംഗത്ത് വരുന്നു എന്നതാണ് ശ്രദ്ധേയം.

മുഖ്യമന്ത്രിയായ ശേഷം അതുവരെയുണ്ടായിരുന്ന മന്ത്രിസഭായോഗം കഴിഞ്ഞുളള പത്രസമ്മേളനം പിണറായി വിജയന്‍ നിര്‍ത്തലാക്കി. ഇത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിന് ശേഷം സിപിഎം, ആര്‍എസ്‌എസ്, ബിജെപി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം വിവാദമായി. ഇതിന് ശേഷം മുഖമന്ത്രിയോട് ചോദ്യം ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മാറി നില്‍ക്ക് എന്ന് പറഞ്ഞത് വിവാദത്തിന് വഴിയൊരുക്കി. ചാനല്‍ മൈക്ക് മുഖത്ത് കൊണ്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്ന വിശദീകരണം പുറത്തുവന്നു. ഏറ്റവും അവസാനം മാധ്യമ പ്രവര്‍ത്തകരെ സെക്രട്ടേറിയറ്റില്‍ കയറ്റാതിരുന്നത് വിവാദമായിരുന്നു. മന്ത്രിയായിരുന്ന ശശീന്ദ്രന്‍ ഫോണ്‍ കെണി വിവാദത്തില്‍പെട്ട സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച കമ്മീഷന്രെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് സെക്രട്ടേറിയറ്റില്‍ കയറ്റി വിടാതെ തടഞ്ഞത്. എന്നാല്‍ ഇത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കി.

നയനാരുടെ ഫോണ്‍ ഇന്‍ പരിപാടി ഏഷ്യാനെറ്റ് ആണ് ചെയ്തിരുന്നതെങ്കില്‍ ഇത് സര്‍ക്കാരിന്രെ ഭാഗമായ പിആര്‍ഡിയും സി ഡിറ്റും ചേര്‍ന്നാണ് തയ്യാറാക്കുന്നത്. ഷോയുടെ ഏതാനും എപ്പിസോഡുകള്‍ ഇതിനകം തന്നെ ഷൂട്ട് ചെയ്തിട്ടുണ്ട്. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക സ്റ്റുഡിയോയില്‍വച്ചാണ് പരിപാടി ഷൂട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിലെ സാമൂഹിക, സാംസ്കാരിക, വികസന വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും.

ആദ്യഘട്ടത്തില്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകളും സംപ്രേഷണ സമയവും ഇതാണ്. കൈരളി ടിവി വെള്ളിയാഴ്ച രാത്രി 10.30 ( പുന: സംപ്രേഷണം ശനി രാവിലെ 8.00), പീപ്പിള്‍ ടിവി വ്യാഴാഴ്ച രാത്രി 9.30 (പുന: സംപ്രേഷണം ശനി വൈകിട്ട് 5.30), ഏഷ്യാനെറ്റ് ന്യൂസ് ഞായറാഴ്ച രാത്രി 7.30, മാതൃഭൂമി ന്യൂസ് ഞായറാഴ്ച രാത്രി 7.30, റിപ്പോര്‍ട്ടര്‍ ടിവി ഞായറാഴ്ച രാത്രി 7.30, ദൂരദര്‍ശന്‍ ഞായറാഴ്ച രാത്രി 7.30 (പുന: സംപ്രേഷണം തിങ്കള്‍ രാത്രി 10.00), ന്യൂസ് 18 കേരള ഞായര്‍ രാത്രി 8.00, മീഡിയ വണ്‍ തിങ്കളാഴ്ച രാത്രി 7.30.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top