×

നടി ശ്രീദേവിയുടെ ഭൗതികദേഹം ഇന്ത്യയില്‍ എത്തിക്കുന്നത് വൈകും.

ദുബായ്: ദുബായില്‍ ശനിയാഴ്ച രാത്രി അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികദേഹം ഇന്ത്യയില്‍ എത്തിക്കുന്നത് വൈകും. നടപടിക്രമങ്ങള്‍ വൈകുന്നതാണ് മൃതദേഹം വിട്ടുകിട്ടുന്നതില്‍ കാലതാമസം വരുത്തുന്നത്. ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാമെന്നാണ് ആദ്യം അറിയിപ്പ് ലഭിച്ചിരുന്നതെങ്കിലും നടപടികള്‍ ഇതുവരെ പൂര്‍ത്തിയായില്ല. അതുകൊണ്ടുതന്നെ ഇന്ന് വൈകി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയൂ. ദുബായ് ഖിസൈസിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ് പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ ഞായറാഴ്ച വൈകിട്ടോടെ പൂര്‍ത്തിയാക്കിയിരുന്നു.

ഫോറന്‍സിക്, രക്തപരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതാണ് നടപടിക്രമങ്ങള്‍ വൈകാന്‍ കാരണം. ഈ റിപ്പോര്‍ട്ടുകള്‍ മരണം രജിസ്റ്റര്‍ ചെയ്ത ബര്‍ദുബായ് പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന മുറയ്ക്ക് മൃതദേഹം എംബാമിങിനു വിട്ടുനല്‍കും. ആശുപത്രിയില്‍ എത്തും മുന്‍പ് ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നതിനാലാണ് പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ വേണ്ടിവന്നത്.

അതിനിടെ, ശ്രീദേവിയുടെ മരണത്തില്‍ ദുബായ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ശ്രീദേവി അവസാനം പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അന്വേഷണത്തിന് പോലീസ് നീക്കം തുടങ്ങി. രക്തസാംപിളുകള്‍ യു.എ.ഇക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാനും ആലോചനയുണ്ട്. മരണം സംബന്ധിച്ച്‌ പിന്നീട് ഏതെങ്കിലും വിധത്തിലുള്ള ആരോപണം ഉയരാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പോലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തുന്നത്. പരാതിക്ക് ഇടനല്‍കാത്ത വിധമുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.

ബന്ധുവും ഹിന്ദി സിനിമാ നടനുമായ മോഹിത് മര്‍വയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ് ശ്രീദേവി കുടുംബസമേതം ദുബായില്‍ എത്തിയത്. വ്യാഴാഴ്ച റാസല്‍ഖൈമയിലെ വാര്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന ആഡംബര ഹോട്ടലിലായിരുന്നു വിവാഹം. ദുബായിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലാണ് ശ്രീദേവി താമസിച്ചിരുന്നത്. ഹോട്ടലിലെ കുളിമുറിയിലാണ് ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top