×

ദിനകരന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയം; ജയലളിതയേയും കടത്തിവെട്ടി

ചെന്നൈ: ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന് റെക്കോര്‍ഡ് വിജയം. സ്വതന്ത്രനായി മത്സരിച്ച ദിനകരന്‍ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. തമിഴക രാഷ്ട്രീയത്തെയും സര്‍ക്കാരിനെയും ഞെട്ടിച്ചാണ് ടി.ടി.വി.ദിനകരന്‍ വമ്ബന്‍ വിജയം നേടിയത്. 2016ലെ ജയലളിതയുടെ ഭൂരിപക്ഷം ദിനകരന്‍ മറികടന്നു. അതേസമയം ഡിഎംകെയ്ക്ക് കനത്ത തോല്‍വി.

പോള്‍ ചെയ്ത വോട്ടുകളുടെ 50.32 ശതമാനവും ദിനകരനാണ്. ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷിന് കെട്ടിവച്ച തുക നഷ്ടമായി. 48,306 വോട്ടുകള്‍ നേടിയ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ.എം. മധുസൂധന്‍ രണ്ടാം സ്ഥാനത്തും 24, 581 വോട്ടുകള്‍ നേടിയ ഡി.എം.കെ സ്ഥാനാര്‍ത്ഥി മരുധു ഗണേഷ് മൂന്നാം സ്ഥാനത്തുമെത്തി. എന്നാല്‍ ശക്തമായ പോരാട്ടവുമായി മത്സര രംഗത്തുണ്ടാകുമെന്ന് കരുതിയ ഡി.എം.കെയ്ക്കും ബി.ജെ.പിയ്ക്കും കെട്ടിവച്ച കാശ് നഷ്ടമായി. 1368 വോട്ടുകള്‍ മാത്രം നേടിയ ബി.ജെ.പിനോട്ടയ്ക്കും പിന്നിലായാണ് ഫിനിഷ് ചെയ്തത്.

വിജയമുറപ്പിച്ചപ്പോള്‍ തന്നെ ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് അവകാശപ്പെട്ട് ടി.ടി.വി ദിനകരന്‍ രംഗത്തെത്തിയിരുന്നു. എടപ്പാടി പളനിസാമിയുടെ സര്‍ക്കാര്‍ മൂന്നുമാസത്തിനകം വീഴുമെന്നും ദിനകരന്‍ പ്രവചിച്ചു. മധുരയില്‍ നിന്ന് ചെന്നൈയിലെത്തിയ ദിനകരന് വന്‍വരവേല്‍പാണ് ലഭിച്ചത്. സര്‍ക്കാരിനെതിരായ ജനവിധിയാണ് ആര്‍.കെ നഗറിലേത്. ചിഹ്നമല്ല, യോഗ്യനായ സ്ഥാനാര്‍ഥിയെയാണ് ജനം അംഗീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ദിനകരന്റെ വീടിനുമുന്നില്‍ പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം തുടങ്ങി.

പാര്‍ട്ടി പിടിച്ചെടുക്കാന്‍ ‘ചിന്നമ്മ’ വി.കെ.ശശികലയുടെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി മാഫിയയ്ക്ക് കരുത്തേകുന്നതാണു തിരഞ്ഞെടുപ്പ് ഫലം. കൂടുതല്‍ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ ദിനകരന് ഇനി സാധിക്കും. അണ്ണാ ഡിഎംകെ, ഡിഎംകെ സ്ഥാനാര്‍ഥികളില്‍ ആരെങ്കിലുമൊരാള്‍ ജയിച്ചാലുണ്ടാകാത്ത മാറ്റങ്ങളിലേക്കാണ് ദിനകരന്റെ അട്ടിമറി വിജയം തമിഴ്നാടിനെ എത്തിക്കുക. ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷിന് കെട്ടിവച്ച കാശുപോയത് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനും വലിയ ക്ഷീണമാണ്.

രാവിലെ മുതല്‍ തുടര്‍ച്ചയായി ദിനകരന്‍ ലീഡ് ഉയര്‍ത്തുന്നതില്‍ അമര്‍ഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കി. കസേരകള്‍ വലിച്ചെറിഞ്ഞായിരുന്നു സംഘര്‍ഷം. ഇതേത്തുടര്‍ന്നു വോട്ടെണ്ണല്‍ 15 മിനിറ്റോളം നിര്‍ത്തിവച്ചു. പിന്നീട് സംഘര്‍ഷമുണ്ടാക്കിയവരെ പുറത്താക്കിയും അധിക സുരക്ഷ ഏര്‍പ്പെടുത്തിയുമാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്. ലീഡ് ഉയര്‍ന്നെന്ന് ബോധ്യപ്പെട്ടതോടെ, രാവിലെ മധുരയിലായിരുന്ന ദിനകരന്‍ വിമാനത്തില്‍ ചെന്നൈയിലെത്തി മറീന ബീച്ചില്‍ ജയലളിതയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോടും സന്തോഷം പങ്കുവച്ചു. വലിയ സ്വീകരണമാണു ദിനകരന് ചെന്നൈയില്‍ ലഭിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top