×

ദാവൂദിന്റെ മകന്‍ ആത്മീയതയിലേക്ക് ;കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് റിപ്പോര്‍ട്ട്

മുംബയ്: ലോകം മുഴുവന്‍ ആളും ബലവുമുണ്ടെങ്കിലും ഏക മകന്‍ സന്യാസത്തിലേക്ക് തിരിഞ്ഞതോടെ കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് റിപ്പോര്‍ട്ട്. ദാവൂദിന്റെ മകന്‍ മൊയിന്‍ നവാസ് ഡി.കസ്കറാണ് കുടുംബത്തിന്റെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ ബിസിനസുകള്‍ വിട്ടെറിഞ്ഞ് ആത്മീയതയിലേക്ക് തിരിഞ്ഞത്. മതകാര്യങ്ങള്‍ പഠിപ്പിക്കുന്ന മൗലാന അല്ലെങ്കില്‍ മതപണ്ഡിതനാകാനാണ് ഇയാളുടെ തീരുമാനം.

ദാവൂദിന്റെ പ്രവര്‍ത്തികള്‍ മൂലം കുടുംബത്തിന് സമൂഹത്തിന്റെ മുമ്ബിലുണ്ടായ മാനക്കേടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് മൊയിന്‍ ആത്മീയതയിലേക്ക് തിരിഞ്ഞതെന്ന് താനെയിലെ പിടിച്ചുപറിക്കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ പ്രദീപ് ശര്‍മ പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹിം കസ്ക്കര്‍ പിടിച്ചുപറിക്കേസില്‍ അറസ്റ്റിലായതോടെയാണ് കുടുംബത്തിലെ പ്രശ്നങ്ങള്‍ രൂക്ഷമായത്. തുടര്‍ന്ന് ദാവൂദിന്റെ വഴി ഉപേക്ഷിച്ച മൊയിന്‍ മൗലാന ആയി മാറുകയായിരുന്നു.

എന്നാല്‍ തനിക്ക് ശേഷം ലോകം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന തന്റെ അധോലോക സാമ്രാജ്യം നോക്കിനടത്തേണ്ട ഏക ആണ്‍തരി, ആത്മീയതയിലേക്ക് തിരിഞ്ഞതോടെ മാനസിക സംഘര്‍ഷം മുറുകിയ ദാവൂദ് ഇപ്പോള്‍ കടുത്ത വിഷാദത്തിന് അടിമയാണ്. മറ്റൊരു സഹോദരനായ അനീസ് ഇബ്രാഹിം കസ്കര്‍ പ്രായാധിക്യം മൂലം അവശതയിലാണ്. പിന്‍ഗാമിയായി ഏല്‍പ്പിക്കാന്‍ പറ്റിയ അടുത്ത ബന്ധുക്കളാരുമില്ലെന്നതും ദാവൂദിനെ അലട്ടുന്നുണ്ട്.

മുംബയിലെ ദോംഗിരിയില്‍ ജനിച്ച ദാവൂദ് ഇബ്രാഹിം കസ്കര്‍,​ എണ്‍പതുകളിലാണ് പത്താന്‍ സംഘങ്ങളെ ഉള്‍പ്പെടെ പരാജയപ്പെടുത്തി അധോലോക സംഘത്തിലേക്ക് എത്തുന്നത്. അധോലോക സംഘത്തിന്റെ ആസ്ഥാനം ഗള്‍ഫ് രാജ്യമാക്കുന്നതിന് മുന്പ് ഇന്ത്യയിലും ദുബായിലും മാറി മാറി പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ 1993ലെ മുംബയ് സ്ഫോടനത്തോടെ ഇയാള്‍ രാജ്യം വിട്ടു. രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദാവൂദ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ അവിടെ കഴിഞ്ഞു വരികയാണ്. കേസിലെ വിചാരണയ്ക്കായി ദാവൂദിനെ വിട്ടുതരണമെന്ന് ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ദാവൂദ് രാജ്യത്ത് ഇല്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. ഇതിനിടെ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ദാവൂദ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് ദാവൂദിനെ രാജ്യത്തെത്തിക്കുമെന്നും അടുത്തിടെ ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top