ടുജി സ്പെക്‌ട്രം : വിധി ഇന്ന്
ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ വന്‍ വിവാദത്തിലാഴ്ത്തിയ ടുജി സ്പെക്‌ട്രം കേസില്‍ വിധി ഇന്ന്. ഇന്ത്യന്‍ രാഷ്ട്രീയം മാറ്റിയെഴുതുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഈ അഴിമതിയില്‍ എന്തു വിധിയുണ്ടായാലും അത് ചരിത്രത്തിന്റെ ഭാഗമായി തീരും. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയത്തെ തടഞ്ഞു നിര്‍ത്താനായെങ്കിലും കുറ്റം തെളിഞ്ഞാല്‍ കോണ്‍ഗ്രസിന് അത് വന്‍ തിരിച്ചടിയാകും.
യുഎസിലെ വാട്ടര്‍ഗേറ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കേസെന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച കേസില്‍ ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി രാവിലെ പത്തരയ്ക്ക് വിധി പറയും. മുന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ എംപി. കനിമൊഴി തുടങ്ങിയവരും റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യ ടെലികോം കമ്ബനികളുമാണ് പ്രതിപ്പട്ടികയില്‍.
മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന 2011 ല്‍ പുറത്തുവന്ന അഴിമതിക്കേസിലെ തിരിച്ചടിയില്‍ നിന്നും കോണ്‍ഗ്രസിന് ഇതുവരെ തിരിച്ചു കയറാന്‍ കഴിഞ്ഞിട്ടില്ല. കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മര്‍ദ്ദം എന്നാണ് 2011-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഴിമതി തടയാനാകാത്ത സ്ഥിതിയെ ന്യായീകരിച്ചത്. വന്‍ നാടകങ്ങളാണ് പിന്നാലെ അരങ്ങേറിയത്. സംയുക്തപാര്‍ലമെന്ററി സമിതി രൂപീകരിച്ചുള്ള നാടകങ്ങള്‍ രാജ്യം കണ്ടു.
ഡിഎംകെ നേതാക്കളാണ് പ്രതികളെങ്കിലും ഇന്നും കോണ്‍ഗ്രസിനെതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമാണ് ഈ അഴിമതികേസ്. 2009-ല്‍ വീണ്ടും അധികാരത്തിലെത്തിയ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ വന്‍ജനരോഷം നേരിട്ടു. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടായി. നരേന്ദ്ര മോദിക്ക് 2014-ല്‍ അധികാരത്തിലെത്താനുള്ള ഊര്‍ജ്ജമാണ് സ്പെക്‌ട്രം അഴിമതി പകര്‍ന്നത്.
അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും നയിച്ച അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് വന്‍ ജനപിന്തുണ കിട്ടി. ആം ആദ്മി പാര്‍ട്ടിയുടെ പിറവിക്കും ഈ പ്രക്ഷോഭം വഴിവച്ചു. 2011 നവംബര്‍ 11 ന് ആരംഭിച്ച വിചാരണ 2017 ഏപ്രില്‍ 19 നായിരുന്നു പൂര്‍ത്തിയായത്. 1.76 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. 122 2 ജി സ്പെക്‌ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിയെന്നാണ് സിബിഐ കേസ്.എ.രാജ, ഡിഎംകെ അദ്ധ്യക്ഷന്‍ എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, മകള്‍ കനിമൊഴി എന്നിവരാണ് വിചാരണ നേരിട്ടത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്