ജിഷാ വധക്കേസില്‍ പ്രതി അമിറൂള്‍ ഇസ്ലാം ചെയ്തിരിക്കുന്നത് നിഷ്ഠൂരമായ കൊലയാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
345 പേജുള്ള വിധി പ്രസ്താവമാണ് കോടതി ഇന്ന് നടത്തിയത്. പ്രതിക്കുള്ള ശിക്ഷ സംബന്ധിച്ച് നാളെയും മറ്റന്നാളുമായി വാദം നടക്കും. നാളെ അമിറൂള്‍ ഇസ്ലാമിന്റെ വാദം കേള്‍ക്കും. തുടര്‍ന്ന് പ്രോസിക്യുഷന്റെ നിലപാടും കേള്‍ക്കും. മറ്റന്നാളായിരിക്കും ശിക്ഷ വരാന്‍ സാധ്യത.
അതേസമയം, അമിറൂള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. ജിഷയുടെ ദേഹത്തുനിന്ന് കണ്ടെത്തിയത് അമിറൂളിന്റെ ഡി.എന്‍.എ ആണെന്ന് തെളിഞ്ഞിരുന്നു. അതുമാത്രം മതിയാകും അവന്‍ തന്നെയാണ് മകളെ കൊന്നതെന്ന് തെളിയിക്കാനെന്നും അവര്‍ പറഞ്ഞു. വിധി കേട്ടശേഷം കോടതി പരിസരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അമിറൂളിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തയിരുന്ന ഏഴു കുറ്റങ്ങളില്‍ അഞ്ചെണ്ണമാണ് കോടതിയില്‍ തെളിഞ്ഞത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 449, 342, 376, 376(എ), 302 എന്നീ വകുപ്പുകളാണ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയത്. കൊലപാതകം, മരണകാരണമായ ബലാത്സംഗം, ബലാത്സംഗം, ഭവനഭേദനം, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നിവയാണ് തെളിഞ്ഞത്.
എന്നാല്‍ തെളിവുനശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റവും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജിഷ ദളിത് വിഭാഗത്തില്‍പെട്ട ആളാണെന്ന് പ്രതി അറിഞ്ഞിരിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു.
പോലീസിന്റെ കണ്ടെത്തലുകള്‍ കോടതി അംഗീകരിച്ചു എന്നതും ശ്രദ്ധേയമാണ്.
ഡി.എന്‍.എ പരിശോധനാഫലം, സാഹചര്യ തെളിവുകള്‍, പ്രോസിക്യൂഷന് അനുകൂലമായ സാക്ഷിമൊഴികള്‍ എന്നിവയെല്ലാം കോടതിയില്‍ എത്തിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്