ജനുവരി ആദ്യവാരത്തോടെ ശതാബ്ദി എക്സ്പ്രസ് കേരളത്തിൽ ഓടിത്തുടങ്ങും
ന്യൂഡല്‍ഹി: തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരില്‍നിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച് യാത്ര തുടരുന്ന വണ്ടി രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തും.
കോട്ടയം വഴിയാണ് സര്‍വീസ്. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. വണ്ടി ഓടിത്തുടങ്ങുന്ന തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല. ജനുവരി ഒന്നാം വാരം സര്‍വീസ് തുടങ്ങിയേക്കും. പരീക്ഷണ ഓട്ടം കഴിഞ്ഞമാസം ഒടുവില്‍ നടന്നിരുന്നു.
പുതിയ വണ്ടി ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തുമോ അതല്ല, ഒന്നോ രണ്ടോ ദിവസത്തെ ഒഴിവുണ്ടാവുമോ എന്ന് വ്യക്തമല്ല. കോയമ്ബത്തൂരിനും ചെന്നൈയ്ക്കുമിടയിലുള്ള ശതാബ്ദി എക്സ്പ്രസ് ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താത്പര്യവും ഇടപെടലും കേരളത്തിന് ശതാബ്ദി അനുവദിക്കുന്നതിനുപിന്നില്‍ ഉണ്ടായിരുന്നെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇപ്പോള്‍ ശതാബ്ദി എക്സ്പ്രസ് ഉണ്ട്.
ജനശതാബ്ദി എക്സ്പ്രസുകളില്നിന്ന് വ്യത്യസ്തമായി ശതാബ്ദിയില്‍ എല്ലാ കോച്ചുകളും എ.സി. ചെയര്‍കാര്‍ ആയിരിക്കും. കേരളത്തിന് അനുവദിച്ച ശതാബ്ദിയില്‍ ഒന്നോ രണ്ടോ എക്സിക്യുട്ടീവ് ചെയര്‍കാറുകള്‍ ഉള്‍പ്പെടെ ഒമ്ബതു കോച്ചുകളുണ്ടാവും. ഭക്ഷണത്തിന്റെ വില ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക്. ഉത്സവകാലത്തും തിരക്കുള്ള സീസണുകളിലും ടിക്കറ്റ് നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ള ‘ഡയനാമിക് ഫെയര്‍’ സമ്ബ്രദായമാണ് ശതാബ്ദി തീവണ്ടിയിലുണ്ടാവുക.
ഇപ്പോള്‍ കേരളത്തില്‍ രണ്ടു ജനശതാബ്ദി എക്സ്പ്രസുകള് സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ അഞ്ചുദിവസമുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും ദിവസേനയുള്ള തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്