×

ഗതാഗത സംവിധാനം ഡിജിറ്റലിലേക്ക്

കൊച്ചി: സംസ്ഥാനത്തെ ഗതാഗത സംവിധാനം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏകോപിപ്പിക്കുന്നു. ഇപ്പോള്‍ ഗതാഗത നിയന്ത്രണം, പാര്‍ക്കിങ്, നിയമ ലംഘനങ്ങള്‍ എന്നിവ മോട്ടോര്‍വാഹന വകുപ്പ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിങ്ങനെ പല ഏജന്‍സികളുടെ ചുമതലയിലാണ്. ഇത് ഒരു കുടക്കീഴിലാക്കാനാണ് പദ്ധതി.

റോഡിലെ സുരക്ഷയും അച്ചടക്കവും കൂട്ടാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. ദേശീയപാത, സംസ്ഥാനപാത, ജില്ലാ റോഡുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ കീഴില്‍ വരും.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പല ഏജന്‍സികള്‍ പിഴയീടാക്കുന്നതു മൂലം പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കുന്നതില്‍ താമസം വരുന്നു. പുതിയ സംവിധാനം വഴി ഇതിനെല്ലാം മാറ്റം വരും. പിഴ ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലേക്ക് മാറും. എല്ലാ പിഴകള്‍ക്കും ഏകീകൃത ചെലാന്‍ കൊണ്ടുവരും. ഒരു ട്രാഫിക് സിഗ്നലില്‍നിന്ന് നിശ്ചിത വേഗത്തില്‍ മുന്നോട്ടുനീങ്ങുന്ന വാഹനങ്ങള്‍ക്ക് അടുത്ത സിഗ്നലില്‍ ചുവപ്പ് ലൈറ്റിനു മുന്നില്‍ കുരുങ്ങേണ്ടി വരില്ല. റോഡിലെ തിരക്കിനനുസരിച്ച്‌ സിഗ്നലുകള്‍ ഒറ്റയടിക്ക് ക്രമീകരിക്കാനാകും.

പദ്ധതിയുടെ കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുക്കാന്‍ കെ.എസ്.ഐ.ഡി.സി.യെ (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍) ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്‍സള്‍ട്ടന്റ് നിയമനത്തിന് ഇവര്‍ ടെന്‍ഡര്‍ വിളിച്ചു. ആറു മാസത്തിനകം പദ്ധതി രൂപരേഖ ഉള്‍പ്പെടെ തയ്യാറാകുമെന്ന് കെ.എസ്.ഐ.ഡി.സി. അധികൃതര്‍ പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃകയില്‍ ഗതാഗത സംവിധാനം സാങ്കേതികവത്കരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഗതാഗത നിയന്ത്രണത്തിനുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. അമിത വേഗം, അനധികൃതമായി പാത മുറിച്ചുകടക്കല്‍, ചുവപ്പ് ലൈറ്റ് മറികടക്കല്‍, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റുമില്ലാതെ വണ്ടിയോടിക്കല്‍, മദ്യപിച്ച്‌ വണ്ടിയോടിക്കല്‍ എന്നിവയെല്ലാം ഫലപ്രദമായി തടയാന്‍ പുതിയ സംവിധാനം വഴി കഴിയുമെന്നാണ് വിലയിരുത്തല്‍.

ലക്ഷ്യങ്ങള്‍ ഇങ്ങനെ

* അപകടങ്ങള്‍ കുറയ്ക്കുക.

* ഗതാഗത നിയന്ത്രണവും ഏകോപനവും പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കുക.

* തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഗതാഗത നിയന്ത്രണ കേന്ദ്രം. ഇവ ഏകോപിപ്പിക്കാന്‍ സംസ്ഥാനതല കേന്ദ്രം.

* കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തുന്നതു വഴി നിരത്തില്‍ വാഹനങ്ങളുടെ വേഗം ഏകീകരിക്കാനാകും.

* അനധികൃത പാര്‍ക്കിങ് ഒഴിവാക്കല്‍.

* സിഗ്നലുകള്‍ ഏകീകരിക്കും. റോഡിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സിഗ്നല്‍ ക്രമീകരണം.

* നിയമ ലംഘനങ്ങളുടെ കണക്കും വിവരങ്ങളും ലഭ്യമാക്കുക.

* പിഴയീടാക്കല്‍ ശാസ്ത്രീയമാക്കുക.

* ഗതാഗത വിവര വിനിമയം.

* റോഡുകളുടെ അവസ്ഥ, ഗതാഗത കുരുക്ക് എന്നിവയെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍.

* മുന്‍പിലുള്ള റോഡ് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് അതത് സമയം ലഭ്യമാക്കാനാകും.

* കാല്‍നട യാത്ര സുരക്ഷിതമാക്കാന്‍ സംവിധാനം.

* അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാക്കാനാകും.

പൊലിയരുത് ജീവന്‍

കേരളത്തില്‍ ഓരോ വര്‍ഷവും ഏകദേശം 40,000 അപകടങ്ങളുണ്ടാകുന്നുവെന്നാണ് കണക്ക്. 4,000 പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ അപകട നിരക്ക് പകുതിയായി കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരും പോലീസും ആസൂത്രണം ചെയ്യുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top